മുഖ്യമന്ത്രിക്കെതിരെ വ്യാജ മൊഴി നൽകാൻ സമ്മർദ്ദം ചെലുത്തിയതിനാണ് കേസ്. ക്രൈംബ്രാഞ്ചാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥർക്കെതിരെയാണ് കേസ്. ഇഡിക്കെതിരെ ഗൂഢാലോചനയ്ക്കും കേസെടുത്തിട്ടുണ്ട്.
സ്വപ്നയുടെ ശബ്ദരേഖയെ കുറിച്ചുള്ള അന്വേഷണ സംഘത്തിന്‍റെ റിപ്പോർട്ട് അനുസരിച്ചാണ് നടപടി. ശബ്ദം തന്‍റേതാണെന്ന് സ്വപ്ന ജയിൽ അധികൃതർക്ക് സ്വന്തം കൈപ്പടയിൽ എഴുതി നൽകിയിരുന്നു. സ്വപ്നയുടെ സുരക്ഷക്കായി നിയോഗിച്ച വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴിയും നിർണ്ണായകമായി. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്‍റെ നിയമോപദേശത്തെ തുടർന്നായിരുന്നു കേസെടുത്തത്. തെറ്റായി ഒരാളെ ഉൾപ്പെടുത്താൻ ഗൂഢാലോചന നടത്തുകയും സമ്മർദ്ദം ചെലുത്തുകയും ചെയ്യുന്നത് ഔദ്യോഗിക കൃത്യനിർവ്വഹണത്തിന്‍റെ ഭാഗമല്ലെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ പേര് പറയാൻ നിർബന്ധിച്ചുവെന്നായിരുന്നു സ്വപ്നയുടെ ശബ്ദരേഖ.