മയക്കുവെടിയേറ്റ ആനയെ ഏഴാറ്റുമുഖം ഗണപതി എന്ന കാട്ടുകൊമ്പന്‍ ചേര്‍ത്തുപിടിക്കുന്ന സ്‌നേഹത്തിന്റെ കാഴ്ചകള്‍ക്ക് അതിരപ്പിള്ളി സാക്ഷിയായി. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
മയക്കുവെടിയേറ്റ ആനയെ ചേര്‍ത്തുപിടിച്ച് ഗണപതി എന്ന കൊമ്പന്‍ രക്ഷിക്കാന്‍ നടത്തിയ ശ്രമമാണ് ഏവരേയും അമ്പരിപ്പിച്ചത്. ആന മയങ്ങി വീണിട്ടും ഗണപതി എന്ന കാട്ടുകൊമ്പന്‍ അവിടെ നിന്നും മാറാതെ നിന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായി. റബ്ബര്‍ ബുള്ളറ്റ് ഉപയോഗിച്ച് ഇതിനെ തുരത്തി ഓടിച്ചാണ് ഡോക്ടര്‍മാരുടെ സംഘം പരിക്കേറ്റ ആനയ്ക്ക് അരികിലെത്തിയത്.
മസ്തകത്തിന് ഗുരുതരമായി പരിക്കേറ്റ അതിരപ്പിള്ളിയിലെ ആനയെ ചികിത്സയ്ക്കായി കോടനാട് എത്തിച്ചു. അഭയാരണ്യത്തില്‍ പ്രത്യേകം തയ്യാറാക്കിയ കൂട്ടില്‍ വെച്ചാണ് ആനയ്ക്ക് ചികിത്സ നല്‍കുക. ഒന്നര മാസത്തോളം ചികിത്സ വേണ്ടി വരുമെന്ന് ഡോക്ടര്‍ അരുണ്‍ സക്കറിയ പറഞ്ഞു.
ബുധനാഴ്ച രാവിലെ ആറുമണിയോടെയാണ് ആനയെ മയക്കുവെടി വെച്ച് പിടിക്കാനുള്ള ശ്രമകരമായ ദൗത്യം ആരംഭിച്ചത്. വെടിയേറ്റു മയങ്ങിയ ആന പിന്നീട് ചെരിഞ്ഞു വീണെങ്കിലും അല്‍പ സമയത്തിനകം എഴുന്നേല്‍പിക്കാന്‍ ദൗത്യസംഘത്തിന് സാധിച്ചു.
ആന ചെരിഞ്ഞു വീണത് ഗുണകരമായെന്നും അതിനാലാണ് ഉടന്‍ തന്നെ മുറിവിന് പ്രാഥമിക ചികിത്സ നല്‍കാന്‍ സാധിച്ചതെന്നും ഡോ അരുണ്‍ സക്കറിയ പറഞ്ഞു. പരിക്കു ഭേദമായി ആന ആരോഗ്യവാനായാല്‍ മാത്രമേ ദൗത്യം പൂര്‍ണമായും വിജയകരമാണെന്ന് പറയാന്‍ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.