കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലെ മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിലെ സുരക്ഷാജീവനക്കാരന്‍ സ്ത്രീയുടെ മുഖത്തടിച്ചെന്ന് പരാതി. വയനാട് സ്വദേശിനി സക്കീനക്കാണ് മർദ്ദനമേറ്റത്. പൊലീസിൽ പരാതി നൽകിയതായി സക്കീന അറിയിച്ചു.ഇന്ന് രാവിലെയാണ് സംഭവം നടന്നത്.
സക്കീന മകനും ഭാര്യയ്ക്കും മകന്റെ കുഞ്ഞിനുമൊപ്പം മെഡിക്കൽ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെത്തിയതായിരുന്നു. അകത്തുള്ള മരുമകൾക്ക് ചികിത്സാ രേഖകൾ കൈമാറാൻ വേണ്ടി അകത്തേക്ക് പ്രവേശിക്കാനൊരുങ്ങിയപ്പോഴാണ് സെക്യൂരിറ്റി ജീവനക്കാരൻ സക്കീനയെ തള്ളി മാറ്റിയത്.മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിനകത്തേക്ക് പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട ഈ തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്. ഇത് മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ചതോടെ സുരക്ഷാ ജീവനക്കാരന്‍ സക്കീനയുടെ മുഖത്തടിക്കുകയായിരുന്നു.
കൈമടക്കി മുഖത്ത് രണ്ട് തവണ കുത്തിയെന്നാണ് സക്കീന പറയുന്നത്. സംഭവസമയത്ത് വനിതാ സുരക്ഷാജീവനക്കാര്‍ ഇല്ലായിരുന്നുവെന്നും സുരക്ഷാ ജീവനക്കാരനെതിരേ മെഡിക്കല്‍ കോളേജ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു.