കൊവിഡ് വാക്സീന് കുത്തിവയ്പില്‍ വേഗം കുറഞ്ഞ് കേരളം. പ്രതിദിനം ലക്ഷ്യം വച്ചവരില്‍ 67 ശതമാനം മാത്രമാണ് ശരാശരി വാക്സീന് സ്വീകരിക്കുന്നത്. കൊ-വിന് ആപ്പിലെ സാങ്കേതിക പ്രശ്നങ്ങള്‍ തിരിച്ചടിയായെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.
വാക്സിനേഷനായി സജ്ജമാക്കിയ 133 കേന്ദ്രങ്ങളിലായി 100 വീതം ആരോഗ്യ പ്രവര്‍ത്തകര്‍, അങ്ങനെ 13300 പേര് ഒരു ദിവസം വാക്സീന് എടുക്കുമെന്നായിരുന്നു തീരുമാനം. എന്നാല്‍ കുത്തിവയ്പ് എടുക്കുന്നവരുടെ എണ്ണം ഇപ്പോഴും 9000-ല്‍ താഴെയാണ്. ആദ്യ ദിനം കൊവിന്‍ ആപ്പ് വഴിയല്ലാതെ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കാണ് വാക്സീന് നല്‍കിയത്.
കഴിഞ്ഞ ദിവസം മുതല്‍ കൊവിന്‍ ആപ്പ് വഴി രജിസ്റ്റര്‍ ചെയ്തവരെയാണ് കുത്തിവയ്പിനായി വിളിക്കുന്നത്. എന്നാല്‍ ഇവരില്‍ പലര്‍ക്കും ആപ്പ് വഴിയുള്ള മെസേജ് കിട്ടാന്‍ വൈകുകയാണ്. മുന്‍കൂട്ടി അറിയാത്തതിനാല്‍ പലര്‍ക്കും വാക്സീനേഷന് എത്താന്‍ കഴിയാത്ത അവസ്ഥയും ഉണ്ടാകുന്നുണ്ട്. സാങ്കേതിക പ്രശ്നം തിരിച്ചറിഞ്ഞെന്നും പരിഹരിക്കുമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നു.
”ഇതൊരു പുതിയ ആപ്പാണ്. അതിനാല്‍ത്തന്നെ അതിന് അതിന്റേതായ പ്രശ്നങ്ങളുണ്ടാകാം. വളരെ പതുക്കെയാണ് അതിലെ വിവരങ്ങള്‍ നല്‍കാനും എടുക്കാനും ഒക്കെ പറ്റുന്നത്. ഇപ്പോഴും വാക്സിന് എടുക്കാന്‍ വരേണ്ട ആളുകള്‍ക്ക് എഴുതി നല്‍കുകയാണ് നല്‍കുകയാണ് ചെയ്യുന്നത്. പുതിയ ആപ്പ് എന്ന നിലയില്‍ അതിന് അതിന്റേതായ സമയം നല്‍കണം. കുറച്ച് കാലം കഴിയുമ്പോഴേക്ക്, ആപ്പ് കുറച്ചുകൂടി മെച്ചപ്പെടുന്ന സാഹചര്യം വരുമ്പോഴേക്ക്, ഇതിലേക്ക് കുറച്ചുകൂടി ഡാറ്റ കയറ്റാന്‍ കഴിയും”, എന്ന് തിരുവനന്തപുരം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ കെ എസ് ഷിനു പറയുന്നു.
അതേസമയം, കേരളത്തിലും തമിഴ്നാട്ടിലും വാക്സീന് സ്വീകരിക്കുന്നതിന് വിമുഖതയുണ്ട് എന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. കേരളത്തിലും തമിഴ്നാട്ടിലും ആകെ വാക്സിനേഷന് തോത് 25 ശതമാനത്തിലും താഴെ മാത്രമാണ് എന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ വാക്സിനേഷനിലുള്ള വിശ്വാസമില്ലായ്മയാണ് പ്രശ്നമെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്നു. അത് പാടില്ല. ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ വാക്സിനുകളില്‍ വിശ്വാസം വളര്‍ത്തണം. വാക്സിനേഷന് വിശകലനം ചെയ്യുന്ന ചര്‍ച്ചയ്ക്കിടയിലാണ് കേരളത്തിനോടും തമിഴ്നാടിനോടും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ഈ നിര്‍ദേശം. എന്നാല്‍ ആപ്ലിക്കേഷനിലെ പ്രശ്നങ്ങളാണ് വാക്സിനേഷന് തോത് താഴാന്‍ കാരണമെന്ന് കേരളം നേരത്തേ തന്നെ പല വേദികളിലും വ്യക്തമാക്കിയിരുന്നതാണ്.
അതേസമയം, കേരളത്തില്‍ ഇതുവരെ വാക്സീനെടുത്തവര്‍ക്ക് ആര്‍ക്കും പാര്‍ശ്വഫലങ്ങളൊന്നും ഉണ്ടായിട്ടില്ല. ആദ്യ ഡോസ് എടുത്ത ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രണ്ടാം ഡോസ് കൂടി ഉറപ്പാക്കിയാണ് ഇപ്പോള്‍ കുത്തിവയ്പ് നല്‍കുന്നത്. അടുത്തഘട്ടത്തിലേക്കുള്ള വാക്സീന് ഈ മാസം അവസാനത്തോടെ എത്തുമെന്നാണ് അറിയിപ്പ്.

