ഹൈദരാബാദ്: പുഷ്പ 2 റിലീസിനിടെ തിരക്കില്‍പ്പെട്ട് മരിച്ച സ്ത്രീയുടെ മകന്റെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ച് ആശുപത്രി. തിരക്കില്‍പ്പെട്ട് പരിക്കേറ്റ ഹൈദരബാദ് സ്വദേശിയായ ഒമ്പത് വയസുകാരന്‍ ശ്രീനേജാണ് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചത്. അപകട ശേഷം പൂര്‍ണ്ണമായും കുട്ടി അബോധാവസ്ഥയിലായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. മികച്ച ചികിത്സ ലക്ഷ്യമാക്കുമെന്ന് തെലുങ്കാന സര്‍ക്കാര്‍ അറിയിച്ചു.
പുഷ്പ 2 റിലീസ് ദിന തലേന്ന് ജനുവരി നാലാം തീയതിയാണ് പല തിയറ്ററുകളിലും പെയ്ഡ് പ്രീമിയറുകള്‍ നടന്നത്. ഇതിന്റെ ഭാഗമായി ഹൈദരാബാദിലെ പഴയ തിയറ്റര്‍ കോംപ്ലക്‌സുകളില്‍ ഒന്നായ സന്ധ്യ തിയറ്ററില്‍ ബുധനാഴ്ച രാത്രി നടന്ന പ്രീമിയര്‍ ഷോയ്ക്ക് അല്ലു അര്‍ജുനും കുടുംബവും ഒപ്പം സിനിമാ സംഘവും എത്തിയിരുന്നു. ഇതോടെയുണ്ടായ തിക്കിലും തിരക്കിലുപ്പെട്ടാണ് ദില്‍ഷുക്‌നഗര്‍ സ്വദേശിനി രേവതി (39) മരിച്ചത്. അപകടത്തില്‍ രേവതിയുടെ ഭര്‍ത്താവിനും രണ്ട് മക്കള്‍ക്കും പരിക്കേറ്റിരുന്നു. ഒമ്പത് വയസുകാരന്റെ നില ഗുരുതരമായിരുന്നു.