കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് വിലയിരുത്തുന്നില്ലെന്ന് മിസോറാം ഗവര്‍ണറും ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനുമായ പിഎസ് ശ്രീധരന് പിള്ള. വേണമെങ്കില്‍ മിസോറാം തെരഞ്ഞെടുപ്പിനെ കുറിച്ച് സംസാരിക്കാമെന്നായിരുന്നു മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ശ്രീധരന് പിള്ളയുടെ മറുപടി. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ നിന്നും ചിരിച്ചുകൊണ്ട് അദ്ദേഹം ഒഴിഞ്ഞുമാറുകയായിരുന്നു.
അത്തരം വിഷയങ്ങള്‍ പഴയ ശ്രീധരന് പിള്ള പറയും ഇപ്പോഴുള്ള ശ്രീധരന് പിള്ളക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കേരളത്തിലെ ന്യൂനപക്ഷം നേരിടുന്ന പ്രശ്നങ്ങള്‍ പ്രധാനമന്ത്രിയോട് സംസാരിച്ചുവെന്നും ശ്രീധരന് പിള്ളി വ്യക്തമാക്കി.
സജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരുമോയെന്ന ചോദ്യത്തിന് തന്നെ ഗവര്‍ണറായി നിയമിച്ചത് ഏത് സംവിധാനമാണോ ആ സംവിധാനം തന്ന ഗവര്‍ണര്‍ പണി ലാഘവത്തോടെ കൈകാര്യം ചെയ്യില്ലെന്നും ഉപേക്ഷിച്ച് പോരില്ലെന്നുമായിരുന്നു ശ്രീധരന് പിള്ളയുടെ മറുപടി. തനിക്ക് ഇപ്പോള്‍ പാര്‍ട്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു. കേരള ബിജെപിയില്‍ ഒരിക്കലും നേതൃദാരിദ്ര്യമില്ലെന്നും ശ്രീധരന് പിള്ള അഭിപ്രായപ്പെട്ടു.
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ സംസ്ഥാന ബിജെപി അധ്യക്ഷനെതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ പടയൊരുക്കം നടക്കുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം നേടിയെന്ന സുരേന്ദ്രന്റെ പ്രസ്താവനക്കെതിരെ ശോഭാ സുരേന്ദ്രന് പക്ഷവും കൃഷ്ണദാസ് പക്ഷവും രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പിഎം വേലായുധനും ഒ രാജഗോപാല്‍ എംഎല്‍എയും രംഗത്തെത്തിയിരുന്നു. വന്‍ കുതിപ്പ് അവകാശപ്പെട്ടാണ് ബിജെപി ഇത്തവണ തെരഞ്ഞെടുപ്പ് വേദിയിലേക്ക് ഇറങ്ങിയത്. എന്നാല്‍ നേട്ടമുണ്ടാക്കാനായില്ല. മാത്രമല്ല, മുതിര്‍ന്ന നേതാക്കളില്‍ പലരും പരാജയപ്പെടുകയും ചെയ്തു. സംസ്ഥാന വക്താവും തൃശൂര്‍ കോര്‍പറേഷനിലെ മേയര്‍ സ്ഥാനാര്‍ഥിയുമായ ബി ഗോപാലകൃഷ്ണന് സിറ്റിംഗ് സീറ്റിലാണ് പരാജയപ്പെട്ടത്. തിരുവനന്തപുരം വെങ്ങാനൂര്‍ ഡിവിഷനില്‍നിന്ന് ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച സംസ്ഥാന സെക്രട്ടറി എസ് സുരേഷും പരാജയപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ സഹോദരന് കെ ഭാസ്കരനും പരാജയപ്പെട്ടു. കേന്ദ്രമന്ത്രി വി മുരളീധരന് വോട്ട് ചെയ്ത ഉള്ളൂരില്‍ ഇടതുമുന്നണി വിജയിക്കുകയും ചെയ്തു.

