ഇരുപത്തിമൂന്നിൽ പതിനാല് ; വനിതകൾ
കോയ കുന്ദമംഗലം
14/23.ഈ ഭിന്ന സംഖ്യയും കുന്ദമംഗലം ഗ്രാമപഞ്ചായത്തിന്റെ പുതിയ ഭരണ സമിതിയും തമ്മിൽ ഒരുബന്ധമുണ്ട്. ഗ്രാമപഞ്ചായത്തിലേക്കു തിരഞ്ഞെടുക്കപ്പെട്ട 23അംഗങ്ങളിൽ 14പേർ വനിതകളാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഇവിടെ മൊത്തം അംഗങ്ങളിൽ സ്ത്രീകളുടെ
എണ്ണം 61ശതമാനമാണ്എന്നർത്ഥം. വികേന്ദ്രീകരണ ഭരണസംവിധാനത്തിനു 1992ൽ ഭരണഘടനയുടെ 73,74 വകുപ്പുകൾ ഭേദഗതി ചെയ്തപ്പോൾ സ്ത്രീകൾക്ക് 33.33ശതമാനം പ്രാതിനിധ്യം നൽകണമെന്നായിരുന്നു നിശ്ചയിച്ചിരുന്നത്.2010ലാണ് അത് 50ശതമാനമായി ഉയർത്തിയത്. ഇവിടെ രണ്ടു ജനറൽ വാർഡുകളിൽ നിന്ന് വനിതകൾ തിരഞ്ഞെടുക്കപ്പെട്ടതുകൊണ്ടാണ് സ്ത്രീ പ്രാതിനിധ്യം കൂടിയത്. തിരഞ്ഞെടുക്കപ്പെട്ട യു. ഡി. എഫ് അംഗങ്ങളിൽ 8പേരും സ്ത്രീകളാണ്. ആൺതരി ഒന്ന് മാത്രം. എൽ. ഡി. എഫ്. അംഗങ്ങളിൽ 6 പുരുഷന്മാരും 5 സ്ത്രീകളും. ബി. ജെ. പി. യിലാകട്ടെ ഒന്നും ഒന്നും.നിലവിലെ അവസ്ഥയാനുസരിച്ചു പ്രസിഡണ്ട് സ്ഥാനവും വനിതക്കാണ്. ഇവിടെ ജയിച്ചുവന്ന വനിതകളിൽ ഭരണപരിചയ മുള്ളവരുമുണ്ട്. രണ്ടു പേർ കഴിഞ്ഞ തവണ പ്രസിഡണ്ട് കസേരയിലിരുന്നവരാണ്.രണ്ടു പേർ മുൻ ഗ്രാമപഞ്ചായത്ത് അംഗങ്ങളും ഒരാൾ മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗവുമാണ്.പുതിയ രണ്ടു പുരുഷ മെമ്പർമാർ നേരത്തെഗ്രാമപഞ്ചയായത്ത് അംഗങ്ങളായിരുന്നവരാണ്.ഒരാൾ മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗവും.
പഞ്ചായത്തീരാജ് -നഗരപാലിക സംവിധാനം സ്ത്രീശാക്തീകരണത്തിലും ലിംഗവബോധത്തോടെയുമുള്ള തദ്ദേശ ഭരണം നടപ്പിലാക്കാനുള്ള വ്യവസ്ഥയോടെയാണ് ഈ വനിതാസംവരണം ഏർപ്പെടുത്തിയത്.
സ്ത്രീകളുടെ പ്രശ്നങ്ങൾ സ്ത്രീകളെ മാത്രം ബാധിക്കുന്നവയല്ലെന്നും ഒരു സാമൂഹിക പ്രശ്നമാണെന്നും അത് പരിഹരിക്കുന്നതിനുള്ള സാദ്ധ്യതകൾ പഞ്ചായത്തീരാജ് സംവിധാനത്തിൽ നിന്ന് തേടണമെന്നുമാണ് ലക്ഷ്യം വെക്കുന്നത്. ലിംഗനീതിയും തുല്യതയും ഭരണഘടനാദത്ത മായ മൗലികവകാശമാണ്. ജനാധിപത്യവും സ്വാതന്ത്ര്യവും സാർത്ഥകമാവണമെങ്കിൽ പ്രാദേശിക ഭരണവും വികസനവും ലിംഗനീതിഉൾക്കൊള്ളുന്നതുമാവണം. ഇത് കൈവരിക്കാൻ എല്ലാജനപ്രതിനിധികളും ഒരുമിച്ചു പരിശ്രമിക്കുകയും വേണം. ജനപ്രതിനിധ്യ ജനാധിപത്യം ബഹുസ്വരതയെ അംഗീകരിക്കുന്നത് കൂടിയാവണം.ഇതിന്റെ ഭാഗമാണ് സ്ത്രീ ശാക്തീകരണത്തിനു ഈ ഭരണസംവിധാനത്തിൽ പ്രാമുഖ്യം നൽകുന്നത്. സ്വന്തം ജീവിതസാഹചര്യങ്ങളെ വിമർശനാത്മകമായി വിലയിരുത്താനുള്ള ശരിയായ സമീപനവും വൈദഗ്ധ്യവും അറിവും സ്ത്രീകളും കുട്ടികളും നേടിയെടുക്കുകയും അത് വഴി ജീവിതത്തിന്റെ എല്ലാ തലങ്ങളെയും നിയന്ത്രിക്കാൻ കഴിവുണ്ടാവുകയും ചെയ്യുന്ന ഒരു പ്രക്രിയയാണ് സ്ത്രീ ശാക്തീകരണം.’പെൺകുട്ടികളായാൽ അടങ്ങിയൊതുങ്ങി കഴിയണമെന്നും ‘ആൺകുട്ടികളായാൽ കരയാൻ പാടില്ലെന്നു ‘മൊക്കെയുള്ള ചിന്ത സമൂഹം മാറ്റിയാലേ ഇതു സാധ്യമാവുകയുള്ളൂ. കുടുംബത്തിനുള്ളിലും പുറത്തുമുള്ള വിഭവങ്ങളിൽ സ്ത്രീകൾക്ക് അവകാശവും നിയന്ത്രണവും ഉണ്ടാവണം. സ്വന്തം ശരീരത്തിലും ലൈംഗികതയിലും പ്രത്യുല്പാദനത്തിലും തൊഴിലിന്മേലും വരുമാനത്തിലുമുള്ള നിയന്ത്രണവും അവർക്ക് വേണം. ചലനസ്വാതന്ത്ര്യം, രാഷ്ട്രീയ ഇടങ്ങളിലെ പ്രാപ്യത, നിയന്ത്രണം,നിയമകാര്യങ്ങളറിയാനും നീതി നേടാനുമുള്ള അവകാശം, ആത്മ വിശ്വാസവും ആത്മാഭിമാനവും പ്രകടിപ്പിക്കാനുള്ള അവസരവും സ്ത്രീ ആർജ്ജിക്കേണ്ടതാണ്.
വികേന്ദ്രീകൃതഭരണക്രമത്തിൽ വനിതകൾക്ക് നിരവധി മുൻഗണനകളാണ് നൽകുന്നുന്നത്. അതിലൊന്നാണ് വനിതാ ഘടകപദ്ധതി. ഇതിൽ സ്ത്രീകളുടെ സാമൂഹിക സാമ്പത്തിക പദവി ലക്ഷ്യമാക്കിയിട്ടുള്ള പദ്ധതികളും സ്ത്രീകളുടെ സവിശേഷപ്രശ്നങ്ങളിൽ ഊന്നുന്നവയും എല്ലാവിഭാഗം സ്ത്രീകളെയും ഉൾക്കൊള്ളുന്നവയുമായ വികസനപദ്ധതികളും ആവിഷ്കരിക്കാവുന്നതാണ്. വികസനംഫണ്ടിന്റെ 10ശതമാനം വനിതാ വികസനത്തിനായി നീക്കിവക്കണമെന്നാണ് ചട്ടം.1998ൽ രൂപീകരിച്ച കുടുംബശ്രീ മിഷൻ സ്ത്രീകളുടെ ഏറ്റവും വലിയ കമ്മ്യൂണിറ്റി നെറ്റ്‌വർക്ക് ആണ്. സ്ത്രീ ശാക്തീകരണത്തിലൂന്നിയസാമൂഹ്യ സാമ്പത്തിക ശാക്തീകരണത്തിനുള്ള ദാരിദ്ര്യനിർമാർജനമാണിതിന്റെ ലക്ഷ്യം.1995ൽ ആരംഭിച്ച ജനകീയസൂത്രണപദ്ധതി സ്ത്രീകൾക്ക് ഇത്രയൊക്കെ പരിഗണനകൾ നൽകിയെങ്കിലും 25വർഷങ്ങൾ പൂർത്തി യായിട്ടും അതിന്റെ പ്രതിഫലനം അത്ര ആശാവഹമല്ല. സമൂഹത്തിൽ എല്ലാ വ്യവഹാര മേഖലകളിലും സ്ത്രീസാന്നിധ്യം ദൃശ്യമാണെങ്കിലും വിഭാവനം ചെയ്ത നേട്ടങ്ങൾ കൈവരിക്കാനായിട്ടില്ല. അക്കാഡമിക പ്രായോഗിക രംഗങ്ങളിൽ സ്ത്രീ ഇടപെടലുകൾ നടന്നിട്ടുണ്ട്. എന്നാൽ കുടുംബത്തിലും സമൂഹത്തിലും വേണ്ടത്ര അംഗീകാരം ലഭിച്ചിട്ടുണ്ടോ എന്നത് സംശയമാണ്. രാഷ്ട്രീയ നേതൃത്വത്തിലെ സാന്നിധ്യവും തുച്ഛമാണ്. നമ്മുടെ 140നിയമസഭാ സാമാജികരിൽ 8പേർ മാത്രമാണ് വനിതകൾ. കേരളത്തിൽ നിന്നുള്ള ലോക്സഭ അംഗങ്ങളിൽ ഒരാൾ മാത്രവും. തീരുമാനങ്ങൾ എടുക്കാനുള്ള അധികാരവും വിഭവങ്ങളിലുള്ള അവകാശവും സ്വാതന്ത്ര്യവും പൂർണമായി കൈവരിക്കാൻ സാധിച്ചിട്ടില്ല. എല്ലാകാര്യങ്ങൾക്കും പിന്നിൽ നിയന്ത്രിക്കാൻ ഒരു അധീശശക്തി വേണമെന്നതാണ് സ്ഥിതി. കുന്ദമംഗലം ഗ്രാമപഞ്ചായത്തിലേക്കു വിജയിച്ചെത്തിയ 14സഹോദരിമാർക്കും സ്ത്രീ ശാക്തീകരണത്തിന്റെ പൂർണ അർത്ഥം ഉൾക്കൊണ്ട് പ്രവർത്തിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കാം.

