തിരുവനന്തപുരം: കെഎസ്ഇബിക്ക് ഉത്തർപ്രദേശ് സർക്കാരിന്റെ ആദരം ‘കേരള പുരപ്പുറ സോളാർ’ പദ്ധതിക്കാണ് ആദരം ലഭിച്ചത്. ഇന്ത്യക്കുതന്നെ മാതൃകയായ നിലയിൽ റിന്യൂവബൾ എനർജി (പുരപ്പുറ സോളാർ ആന്റ് വൈദ്യുതി വാഹന ചാർജിംഗ്) രംഗത്തെ മികച്ച പ്രവർത്തനത്തിനുള്ള അവാർഡും പ്രശസ്തിപത്രവും ലക്‌നൗ താജിൽ നടന്ന ചടങ്ങിൽ കെഎസ്ഇബി ഡയറക്ടർ ആർ സുകു ഉത്തർപ്രദേശ് ഐറ്റി ആന്റ് ഇലക്ട്രോണിക്‌സ് വകുപ്പ് മന്ത്രി അജിത് സിംഗ് പാഗിൽ നിന്നും ഏറ്റുവാങ്ങി.
ഉത്തർപ്രദേശ് സർക്കാരുംസംസ്ഥാന വൈദ്യുത വിതരണ യൂട്ടിലിറ്റിയായ യുപിഡിഇഎസ്‌സിഒയും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിലാണ് അവാർഡ് സമ്മാനിച്ചത്. ഈ യോഗത്തിലേക്ക് കെഎസ്ഇബി ഡയറക്ടർ (റീസ്, സൗര, സ്‌പോർട്‌സ്, നിലാവ് ആന്റ് വെൽഫെയർ) ആർ സുകുവിന് പ്രത്യേക ക്ഷണം ലഭിച്ചിരുന്നു. സംസ്ഥാനങ്ങളിലെ സർക്കാർ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ഡിജിറ്റൽ പരിവർത്തന പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച വിദഗ്ധരെയാണ് ബഹുമതിക്കായി പരിഗണിച്ചിരിക്കുന്നത്. സൗര വിഭാഗം അസി. എക്‌സിക്യുട്ടീവ് എഞ്ചിനീയർ എസ് നൗഷാദും അവാർഡ് ഏറ്റുവാങ്ങുവാൻ ഉണ്ടായിരുന്നു.