പത്തനംതിട്ട : ആത്മഹത്യ ചെയ്ത എഡിഎം നവീന്‍ ബാബുവിന്റെ കുടുംബത്തോട് മാപ്പ് ചോദിച്ച് കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ വിജയന്‍. യാത്രയയപ്പ് വേളയിലുണ്ടായ സംഭവങ്ങളില്‍ ഖേദം രേഖപ്പെടുത്തി കത്ത് നല്‍കി. പത്തനംതിട്ട സബ് കളക്ടര്‍ നേരിട്ടെത്തിയാണ് കത്ത് നവീന്‍ ബാബുവിന്റെ കുടുംബത്തിന് കൈമാറിയത്. യാത്രയയപ്പ് ചടങ്ങിന് ശേഷം നവീന്‍ ബാബുവിനെ ചേമ്പറില്‍ വിളിച്ചു സംസാരിച്ചിരുന്നതായാണ് ഉള്ളടക്കം. എന്താണ് സംസാരിച്ചതെന്നതില്‍ വ്യക്തതയില്ല.
കളക്ടര്‍ക്കെതിരെ നേരത്തെ സിപിഎം പത്തനംതിട്ട നേതൃത്വവും ബിജെപിയും കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു. ഗൂഢാലോചനയില്‍ കളക്ടര്‍ക്ക് പങ്കുണ്ടെന്നാണ് ആരോപണം. പത്തനംതിട്ടയില്‍ എഡിഎമ്മിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത അദ്ദേഹം കണ്ണൂരില്‍ തിരിച്ചെത്തിയെങ്കിലും ഇന്ന് ഓഫീസിലേക്ക് വന്നില്ല. കളക്ടര്‍ ഓഫീസില്‍ വന്നാലും ബഹിഷ്‌കരിക്കാനാണ് സിവില്‍ സ്റ്റേഷനിലെ ജീവനക്കാരുടെ തീരുമാനം. പ്രതിഷേധം ഉണ്ടാകാനുള്ള സാഹചര്യം കണക്കിലെടുത്ത് കണ്ണൂരില്‍ കനത്ത സുരക്ഷയൊരുക്കിയിട്ടുണ്ട്.