കോഴിക്കോട് : കുടുംബശ്രീയുടെ ജ്വാല ഇവന്റ് മാനേജ്‌മെന്റ് നടത്തുന്ന സംഗീത വിരുന്ന് ഇശൽ നിലാവ് ഒക്ടോബർ മൂന്നിന് വൈകിട്ട് അഞ്ച് മണിക്ക് ടാഗോർ ഹാളിൽ ടി.പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. പരിപാടിയുടെ ആദ്യ ടിക്കറ്റ് വിൽപ്പന ജില്ലാ കലക്ടർ സാബ ശിവ റാവു നിർവ്വഹിച്ചു. ജില്ലാ മിഷൻ കോർഡിനേറ്റർ പി സി കവിത ടിക്കറ്റ് ഏറ്റുവാങ്ങി. ട്രാൻസ്ജെൻഡർ അംഗങ്ങൾ ഉൾപ്പെട്ട കുടുംബശ്രീ സ്പെഷ്യൽ അയൽക്കൂട്ടത്തിന്റെ പുതിയ സംരംഭമായ ഇവൻറ് മാനേജ്മെൻറ് ഗ്രൂപ്പാണ് ജ്വാല.
പ്രശസ്ത സിനിമ പിന്നണി ഗായകരായ കെ.ജി മാർക്കോസ്, രഹന എന്നിവരാണ് ഇശൽ നിലാവിനെ നയിക്കുന്നത്. ജ്വാല നടത്തുന്ന ആദ്യ പരിപാടിയാണ് ഇശൽ നിലാവ്. വൈഗ സുബ്രഹ്മണ്യം, തൻസി, സഞ്ജന ചന്ദ്രൻ, അനുരാധ, സാനിയ, അനുപമ എന്നിവരാണ് ഇവന്റ് മാനേജ്മെൻറ് ഗ്രൂപ്പിന്റെ അമരക്കാർ. 600, 300 രൂപ നിരക്കിലാണ് ടിക്കറ്റുകൾ വിൽക്കുന്നത്. ടിക്കറ്റുകൾ 9188358322, 8089408723 എന്നി നമ്പറുകളിൽ ലഭിക്കും. കലക്ടറുടെ ചേംബറിൽ നടന്ന ചടങ്ങിൽ ജ്വാല ഇവൻറ് മാനേജ്മെന്റ് അംഗങ്ങൾ പങ്കെടുത്തു.