തിരുവനന്തപുരം: എഡിജിപി എം.ആര്‍ അജിത് കുമാറിന്റെ ശബരിമലയിലെ ട്രാക്ടര്‍ യാത്രയുടെ ദൃശ്യങ്ങള്‍ പുറത്ത്. ഹൈക്കോടതി ഉത്തരവ് ലംഘിച്ച് പമ്പയില്‍ നിന്ന് ശബരിമല സന്നിധാനത്തേക്കും തിരിച്ചുമാണ് എം.ആര്‍ അജിത് കുമാര്‍ ട്രാക്ടറില്‍ യാത്രചെയ്തത്.
വിഷയത്തില്‍ അജിത് കുമാര്‍ ഡിജിപിക്ക് വിശദീകരണം നല്‍കി. കാലുവേദനിച്ചിട്ടാണ് ട്രാക്ടറില്‍ കയറിയതെന്നാണ് വിശദീകരണം. നേരത്തെ എം.ആര്‍ അജിത് കുമാറിന്റെ ട്രാക്ടര്‍ യാത്രയില്‍ ഡ്രൈവറെ മാത്രം പ്രതിയാക്കി പമ്പ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. അലക്ഷ്യമായാണ് ട്രാക്ടര്‍ ഓടിച്ചതെന്ന് എഫ്ഐആറില്‍ പറയുന്നു.
സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. അജിത് കുമാറിന്റെ ട്രാക്ടര്‍ യാത്രയില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതിയും രംഗത്ത് വന്നിരുന്നു. നടപടി ദൗര്‍ഭാഗ്യകരമാണെന്നാണ് കോടതി വിലയിരുത്തിയത്. ഇതിന് പിന്നാലെയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നുതും. വിഷയത്തില്‍ കോടതി ജില്ലാ പൊലീസ് മേധാവിയില്‍ നിന്നും ദേവസ്വം ബോര്‍ഡില്‍ നിന്നും വിശദീകരണവും തേടിയിരുന്നു.

