പ്രതിപക്ഷം ശബ്ദം ഉയര്‍ത്തിയാല്‍ നടപടികള്‍ വെട്ടിച്ചുരുക്കി നിയമസഭ പിരിയാനുള്ള ഗൂഡാലോചന സര്‍ക്കാര്‍ നടത്തിയിരുന്നെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സഭ അവസാനിപ്പിച്ചാല്‍ സ്വര്‍ണക്കള്ളക്കടത്ത് ഉള്‍പ്പെടെയുള്ള നിരവധി വിഷയങ്ങള്‍ അവതരിപ്പിക്കാനുള്ള സാഹചര്യം ഇല്ലാതാകും. സ്വര്‍ണക്കടത്ത് ആരോപണം ഉണ്ടായതിന് പിന്നാലെ സര്‍ക്കാര്‍ പുതിയ വിവാദങ്ങളുണ്ടാക്കുകയാണ്. തുടര്‍ച്ചയായി സഭ സ്തംഭിപ്പിച്ചാല്‍ ജനകീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള സാധ്യത ഇല്ലാതാകും. ചര്‍ച്ച നടത്താതെ രക്ഷപ്പെടാനുള്ള വഴി സര്‍ക്കാരിന് ഒരുക്കിക്കൊടുക്കേണ്ടതില്ലെന്നാണ് യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം തീരുമാനിച്ചത്. സഭാ സമ്മേളനം തുടങ്ങിയ നാള്‍ മുതല്‍ അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചത് ഭരണകക്ഷി അംഗങ്ങളാണെന്ന് വിഡി സതീശന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചെയ്തതിനേക്കാള്‍ ഗൗരവതരമായ കുറ്റമാണ് ഇ.പി ജയരാജന്‍ ചെയ്തത്. ജയരാജന്‍ ഒരു കുറ്റവും ചെയ്തില്ലെന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച ജയരാജനെതിരെ കേസെടുക്കണം. ഒരു കുറ്റവാളിയും രക്ഷപ്പെടരുത്. ജയരാജന്‍ കുറ്റക്കാരനാണെന്ന് ഇന്‍ഡിഗോ വിമാന കമ്പനി കണ്ടെത്തിയ സാഹചര്യത്തില്‍ എങ്ങനെ കേസെടുക്കാതിരിക്കുമെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടികാട്ടി.
യൂത്ത് കോണ്‍ഗ്രസ് ആലോചിച്ചായിരിക്കും വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാന്‍ തീരുമാനിച്ചത്. അതില്‍ എന്ത് തെറ്റാണുള്ളത്. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അറിവോടെ ആയിരുന്നില്ല പ്രതിഷേധമെന്നാണ് പ്രതിപക്ഷ നേതാവും കെ.പി.സി.സി അധ്യക്ഷനും പറഞ്ഞത്. യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് എന്ന നിലയില്‍ ശബരിനാഥന്‍ ഈ പ്രതിഷേധത്തെ കുറിച്ച് അറിഞ്ഞിട്ടുണ്ടാകും. നിയമപരമായി എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ നടപടി എടുക്കട്ടെ. കേസെടുത്താല്‍ ശബരിനാഥിനെ നിയമപരമായും രാഷ്ട്രീയമായും കോണ്‍ഗ്രസ് സംരക്ഷിക്കും.
വിമാനത്തില്‍ നിന്നും മുഖ്യമന്ത്രി ഇറങ്ങിപ്പോയ ശേഷമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. അവരുടെ പ്രതിഷേധത്തെ ഒരിക്കലും തള്ളിപ്പറയില്ല. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച ഇ.പി ജയാരാജനെതിരെ കേസെടുത്തില്ലെങ്കില്‍ കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്യും. പ്രതിഷേധം, പ്രതിഷേധം എന്ന് പറഞ്ഞാല്‍ വാടി പോകുന്ന മുഖ്യമന്ത്രിയാണോ കേരളത്തിലുള്ളത്? വിമാനത്തില്‍ പ്രതിഷേധിച്ചതിനെയാണ് ദേശാഭിമാനിയും കൈരളിയും ഭീകര പ്രവര്‍ത്തനമെന്ന് പറയന്നത്. 19 കാരന്റെ തലയില്‍ മഴു കൊണ്ട് വെട്ടുന്നതും കൈയ്യും കാലും വെട്ടി മാറ്റി കൊലപ്പെടുത്തുന്നതല്ലേ യഥാര്‍ത്ഥത്തില്‍ ഭീകരപ്രവര്‍ത്തനം.
സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്റെ മുഴുവന്‍ ദൃശ്യങ്ങളും പരാതിക്കാരനായ ജോസഫ് എം പുതുശേരി പൊലീസിന് നല്‍കും. തെളിവില്ലെന്ന് പറഞ്ഞ് കേസ് ഒതുക്കി തീര്‍ക്കാനാണ് പൊലീസും സി.പി.എമ്മും ശ്രമിക്കുന്നതെന്ന് വിഡി സതീശന്‍ പറഞ്ഞു.