ഇന്ത്യയുടെ 15- ാമത് രാഷ്ട്രപതിയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ഇന്ന് രാവിലെ 10 മണിയോടെ പാര്‍ലമെന്റില്‍ ആരംഭിച്ചു. എന്‍ഡിഎ സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മുവും പ്രതിപക്ഷ സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹയും തമ്മിലാണ് മത്സരം. ഇതോടൊപ്പം വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ മന്ദിരങ്ങളിലും തിരഞ്ഞെടുപ്പ് നടക്കും.
എംപിമാരും എംഎല്‍എമാരുമടക്കം 4,809 പേരാണ് വോട്ട് ചെയ്യുക. പാര്‍ലമെന്റിലെ 63-ാം നമ്പര്‍ മുറിയാണ് പോളിംഗിനായി തിരഞ്ഞെടുത്തിരിക്കുന്നത്. അറുപത് ശതമാനത്തിലധികം വോട്ട് ഉറപ്പിച്ച ദ്രൗപതി മുര്‍മു വിജയം ഉറപ്പാക്കിയിട്ടുണ്ട്, അതായത് 6.61 ലക്ഷത്തിന് മുകളില്‍ വോട്ട് മൂല്യം. പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായ സിന്‍ഹയ്ക്ക് ലഭിക്കുന്ന വോട്ട് മൂല്യം 4.19 ലക്ഷമാകും. ആകെ വോട്ടു മൂല്യം 10,86,431 ആണ്.
എന്‍ ഡി എ സ്ഥാനാര്‍ത്ഥിക്ക് നാല്‍പത്തിയൊന്ന് പാര്‍ട്ടികളുടെ പിന്തുണയുണ്ട്. പ്രതിപക്ഷത്തെ ശിവസേന, ഝാര്‍ഖണ്ട് മുക്തി മോര്‍ച്ച, ജനതാദള്‍ സെക്കുലര്‍ തുടങ്ങിയ കക്ഷികള്‍ മുര്‍മുവിന് പിന്തുണ അറിയിച്ചെന്നതാണ് വലിയ നേട്ടമായത്. വൈ എസ് ആര്‍ കോണ്‍ഗ്രസ്, ബിജു ജനതാദള്‍ തുടങ്ങിയ കക്ഷികളുടെയും പിന്തുണയുള്ള എന്‍ ഡി എയ്ക്ക് ആറുലക്ഷത്തി എഴുപതിനായിരം വോട്ടുകള്‍ കിട്ടാനാണ് സാധ്യത.
കോണ്‍ഗ്രസ്, നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി), തൃണമൂല്‍ കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) , സമാജ്വാദി പാര്‍ട്ടി, നാഷണല്‍ കോണ്‍ഫറന്‍സ്, ഓള്‍ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുല്‍ മുസ്ലിമീന്‍ (എഐഎംഐഎം), രാഷ്ട്രീയ ജനതാദള്‍, ഓള്‍ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എഐയുഡിഎഫ്) എന്നീ പാര്‍ട്ടികളാണ് സിന്‍ഹയെ പിന്തുണയ്ക്കുന്നത്.