തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ തലസ്ഥാനത്ത് അന്വേഷണ സംഘത്തിന്റെ വ്യാപക റെയ്ഡ്. സ്വപ്നാ സുരേഷ്, സരിത്ത് എന്നിവരെയും വിവിധ കേന്ദ്രങ്ങളിലെത്തിച്ച് പരിശോധന നടത്തി. സന്ദീപ് നായരെ രാവിലെ തന്നെ ഹെതർ ഫ്ലാറ്റിൽ അടക്കമുള്ള കേന്ദ്രത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. സ്വപ്നാ സുരേഷിനെയും സന്ദീപ് നായരെയും എൻ ഐ എ ഓഫീസിലെത്തിച്ചു. ഇരുപേരും നൽകിയ മൊഴിയിലെ വൈരുധ്യം അന്വേഷണ സംഘം പരിശോധിക്കുകയും ഇരുപേരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനുമാണ് തീരുമാനം.
നിലവിൽ നടക്കുന്നത് പ്രാഥമികമായ അന്വേഷണമാണ്. നിലവിലെ മൊഴികളുടെയും, തെളിവുകളുടെയും സാഹചര്യത്തിൽ ഉന്നതർക്ക് പങ്കുണ്ടോയെന്ന കാര്യം അന്വേഷണ ഉദ്യോഗസ്ഥർ പുറത്ത് വിടും.
അതേസമയം, നയതന്ത്ര ബാഗ് അയക്കാൻ ഫൈസൽ ഫരീദിനെ ചുമതലപ്പെടുത്തിയത് അറ്റാഷെയാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. അറ്റാഷെയുടെ പേരിലുള്ള കത്ത് പ്രമുഖ മാധ്യമങ്ങൾ പുറത്ത് വിട്ടു. തന്റെ അസാന്നിധ്യത്തിൽ ഫൈസൽ ഫരീദ് കാർഗോ അയക്കുമെന്നാണ് കത്തിൽ പറഞ്ഞിരിക്കുന്നത്. ദുബൈയിലെ സ്കൈ കാർഗോ കമ്പനിക്കാണ് കത്ത് നൽകിയത്.
അതോടൊപ്പം മുൻ ഐ ടി സെക്രട്ടറി ശിവശങ്കറുമായി തനിക്ക് അടുത്ത് ബന്ധമുണ്ടെന്ന് സരിത്ത് മൊഴി നൽകിയതായി വിവരങ്ങൾ പുറത്ത് വരുന്നു. തന്റെ വ്യക്തിപരമായ കാര്യങ്ങളിൽ പോലും ഇടപെടുന്ന വ്യക്തിയായിരുന്നു അദ്ദേഹമെന്ന് സരിത്ത് മൊഴി നൽകിയതായി വിവരം. സ്വപ്ന ഔദ്യോഗിക വാഹനത്തിൽ സ്വർണ്ണം കടത്തിയതായും ഒന്നാം പ്രതി സരിത്ത് മൊഴി നൽകിയതായി വിവരവും പുറത്ത് വരുന്നുണ്ട്