കുന്ദമംഗലം : വ്യാപാരി വ്യവസായി ഏകോപന സമിതിയും , കുന്ദമംഗലം കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്കുമായി സഹകരിച്ച് കോവിഡ് 19 പശ്ചാത്തലത്തിൽ ദുരിതമനുഭവിക്കുന്ന വ്യാപാരികൾക്ക് പലിശരഹിത വായ്പാ പദ്ധതിയ്ക്ക് തുടക്കം കുറിച്ചു.
ഇന്ന് രാവിലെ 10 മണിക്ക് വ്യാപാരഭവനിൽ ചേർന്ന ചടങ്ങിൽ പദ്ധതി ഉദ്ഘാടനം നിയോജക മണ്ഡലം എം എൽ എ , പി ടി എ റഹിം നിർവഹിച്ചു. 50,000 രൂപ വരെ വായ്പ ലഭ്യമാകുന്ന ഈ പദ്ധതികൊണ്ട് വ്യാപാരികൾക്ക് പലിശയിനത്തിൽ യാതൊരു ബാധ്യതതയും ഉണ്ടായിരിക്കുന്നതല്ല. ഇതിനായി വരുന്ന മുഴുവൻ ബാധ്യതകളും ബാങ്കും വ്യാപാരി വ്യവസായിയും സംയുക്തമായിട്ടാണ് നിർവഹിക്കുന്നത്. കുന്ദമംഗലത്തെ വ്യാപാരി വ്യവസായി ഏകോപന സമിതി മെമ്പർമാർ ആയിട്ടുള്ള അഞ്ഞൂറോളം ചെറുകിട വ്യാപാരികൾക്കാണ് ഇതിൻറെ ആനുകൂല്യം ലഭിക്കുക.
ഏകദേശം മൂന്നു കോടി രൂപയോളം വായ്പയായി ഇതുവഴി ലഭ്യമാകും. പദ്ധതിയിൽ അംഗങ്ങൾക്കുള്ള സഹായം മാത്രമല്ല നമ്മുടെ പ്രദേശത്തെ കമ്പോളത്തിൽ സാമ്പത്തിക ചലനം സൃഷ്ടിൻക്കാൻ സാധിക്കുമെന്നാണ് അധികൃതർ അഭിപ്രായപ്പെടുന്നത്.
ചടങ്ങിൽ യൂണിറ്റ് പ്രസിഡൻറ് കെ കെ ജൗഹർ അധ്യക്ഷത വഹിച്ചു.ജന: സെക്രട്ടറി ടി. മുസ്തഫ (സഫീന) സ്വാഗത ഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ബാപ്പുഹാജി, കുന്ദമംഗലം കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡൻറ് രാമചന്ദ്രൻ , സെക്രട്ടറി ധർമരാജൻ, വെൽഫെയർ പ്രസിഡണ്ട് എൻ.വിനോദ് കുമാർ, യൂത്ത് വിങ്ങ് പ്രസിഡണ്ട് അഷ്റഫ് സിറ്റി ഫാൻസി, വനിതാ വിംഗ് പ്രസിഡണ്ട് മഹിത, ഗ്രാമ പഞ്ചായത്ത് മെമ്പർ എം.ബാബുമോൻ, ട്രഷറർ വിശ്വനാഥൻ നായർ എന്നിവർ സംസാരിച്ചു.