കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസ് എന്‍ഐഎ ഏറ്റെടുത്തു. യുഎപിഎ അടക്കമുള്ള വകുപ്പുകൾ ചേർത്താണ് കേസെടുത്തത്. എൻഐഎ കൊച്ചി യൂണിറ്റ് എഫ്ഐആർ റജിസ്റ്റർ ചെയ്തു. അന്വേഷണത്തിന് ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയിരുന്നു.
കേസില്‍ യുഎപിഎ ചുമത്തിയതോടെയാണ് എന്‍ഐഎ അന്വേഷണത്തിന് വഴിയൊരുങ്ങിയത്. സംസ്ഥാനാനന്തര ബന്ധവും തീവ്രവാദ സ്വാധീനവും എന്‍ഐഎ വിശദമായി അന്വേഷിക്കും. അതേസമയം ഷാറുഖ് സെയ്ഫിയെ റിമാൻഡിൽ വിട്ടു. ഇയാളെ വിയ്യൂർ ജയിലിലേക്ക് മാറ്റും. പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി
നേരത്തെ തന്നെ എൻഐഎ ഒരു പ്രാഥമിക റിപ്പോർട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സമർപ്പിച്ചിരുന്നു. സംഭവത്തിൽ ഒരു സംസ്ഥാനന്തര ബന്ധമുണ്ടെന്നും വിപുലമായ ഒരു അന്വേഷണം ആവശ്യമാണെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഒരു വ്യക്തി നടത്തിയിട്ടുള്ള ഒറ്റപ്പെട്ട ആക്രമണമായി ഇതിനെ കാണാനാകില്ല. ഭീകരവാദ ബന്ധവും തള്ളിക്കളയാനാകില്ലെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ചെന്നൈ, കൊച്ചി എന്നിവിടങ്ങളിലെ പ്രാഥമിക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടാണ് കേന്ദ്ര സർക്കാരിന് സമർപ്പിച്ചത്.

