കൊച്ചി ∙ ബ്രഹ്മപുരം തീപിടിത്തത്തില്‍ കൊച്ചി കോർപറേഷന് 100 കോടി രൂപ പിഴ ചുമത്തി ദേശീയ ഹരിത ട്രൈബ്യൂണൽ. ഒരു മാസത്തിനുള്ളിൽ ചീഫ് സെക്രട്ടറി മുൻപാകെ തുക കെട്ടിവയ്ക്കണം.
ദുരന്തംമൂലമുണ്ടായ ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കാൻ തുക ഉപയോഗിക്കണം. ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്നും ദേശീയ ഹരിത ട്രൈബ്യൂണൽ നിർദേശിച്ചിട്ടുണ്ട്.
തീ അണയ്ക്കുന്നതിൽ സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥരും പൂർണപരാജയമാണ്. മാലിന്യ നിർമാർജനച്ചട്ടങ്ങളും സുപ്രീംകോടതി ഉത്തരവുകളും നിരന്തരം ലംഘിച്ചെന്നും എൻജിടി അറിയിച്ചു.
അതേസമയം, ദേശീയ ഹരിത ട്രൈബ്യൂണൽ വിശദമായ വാദം കേട്ടില്ലെന്നും അപ്പീൽ പോകുമെന്നും കൊച്ചി മേയർ അനിൽ കുമാർ അറിയിച്ചു.100 കോടി രൂപ പിഴയടക്കാനുള്ള സാമ്പത്തികശേഷി കൊച്ചി കോർപറേഷനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.