രാജ്കോട്ട്: തുടര്‍ച്ചയായ രണ്ടാം ടെസ്റ്റിലും ഇരട്ട സെഞ്ച്വറി നേടി ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍. സര്‍ഫറാസ് ഖാന്റെ അര്‍ധ സെഞ്ച്വറി കൂടിയായതോടെ ഇന്ത്യയ്ക്ക് കൂറ്റന്‍ ലീഡായി. ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 430 റണ്‍സെന്ന നിലയില്‍ രണ്ടാം ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തു. ഇതോടെ ഇന്ത്യയുടെ ലീഡ് 556ആയി.
557എന്ന പടുകൂറ്റന്‍ സ്‌കോറിലേക്ക് ഇംഗ്ലണ്ട് ബാറ്റിങ് ആരംഭിച്ചിട്ടുണ്ട്. 214 റണ്‍സുമായി ജയ്സ്വാളും 68 റണ്‍സുമായി സര്‍ഫറാസ് ഖാനുമായിരുന്നു ക്രീസില്‍. പഠിച്ച പതിനെട്ട് അടവും പയറ്റയിട്ടും ജയ്സ്വാളിനെ പൂട്ടാന്‍ ഇംഗ്ലണ്ട് ബൗളര്‍മാര്‍ക്കായില്ല. സിക്സറുകളും ഫോറുകളും യഥാസമയം താരം കണ്ടെത്തിയതോടെ ഇന്ത്യയുടെ സ്‌കോര്‍ കുതിച്ചു. ആദ്യ ഇന്നിങ്സിലേത് പോലെ സര്‍ഫറാസും ബാറ്റ് വീശിയതോടെ ഇംഗ്ലണ്ട് ബൗളര്‍മാര്‍ വലഞ്ഞു.
236 പന്തുകളില്‍ നിന്ന് 14 ഫോറും 12 സിക്സറും അടങ്ങുന്നതായിരുന്നു ജയ്സ്വാളിന്റെ തട്ടുതകര്‍പ്പന്‍ ഇന്നിങസ്. വിശാഖപ്പട്ടണത്ത് നടന്ന രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സിലും ജയ്‌സ്വാള്‍ സെഞ്ച്വറി നേടിയിരുന്നു.