കാവി പതാക ഭാവിയില്‍ ദേശീയ പതാകയായി മാറിയേക്കാമെന്ന കര്‍ണാടക മന്ത്രിയും ബിജെപി നേതാവുമായ കെ.എസ്.ഈശ്വരപ്പയുടെ പ്രസ്താവനക്കെതിരെ ശക്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസ്. പ്രതിഷേധമുയര്‍ത്തി സഭ പിരിഞ്ഞിട്ടും രാത്രിയിലും കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയ്ക്ക് പുറത്തിറങ്ങിയില്ല. സഭയുടെ നിലത്ത് തുണിവിരിച്ച് അംഗങ്ങള്‍ കിടന്നുറങ്ങി.
ചെങ്കോട്ടയില്‍ കാവി പതാക ഉയര്‍ത്താനാകുമോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ഇപ്പോഴല്ല ഭാവിയില്‍ അതിന് സാധ്യമാകുമെന്നായിരുന്നു മറുപടി.ഇതിനെതിരെയാണ് കോൺഗ്രസ് പ്രതിഷേധിച്ചത്.
മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, സ്പീക്കര്‍ വിശ്വേശ്വര്‍ ഹെഗ്‌ഡേ കഗേരി, മുന്‍ മുഖ്യമന്ത്രി എന്നിവര്‍ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയുമായി സംസാരിച്ചെങ്കിലും പ്രതിഷേധത്തില്‍ നിന്ന് പിന്മാറാന്‍ കോണ്‍ഗ്രസ് തയ്യാറായിരുന്നില്ല. സഭയ്ക്കുള്ളില്‍ രാത്രി തങ്ങരുതെന്ന് പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടെങ്കിലും അവര്‍ സമ്മതിച്ചില്ല.അടുത്ത ദിവസവും പ്രതിപക്ഷത്തെ കാര്യങ്ങല്‍ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്ന് ബിഎസ് യെദ്യൂരപ്പ മാധ്യമങ്ങളോട് പ്രതികരിച്ചു.
ബിജെപി ദേശീയ പതാകയെ അപമാനിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തിയെന്ന് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ പറഞ്ഞു. അതേസമയം പ്രതിഷേധിക്കുന്നവര്‍ പ്രതിഷേധിക്കട്ടെ, താന്‍ രാജിവെച്ച് ഒഴിയില്ലെന്നാണ് ഈശ്വരപ്പ പ്രതികരിച്ചത്.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ദേശീയ പതാകയെ കുറിച്ചുള്ള വിവാദപരാമര്‍ശം ഈശ്വരപ്പ നടത്തിയത്. കാവി പതാക ഭാവിയില്‍ ദേശീയ പതാകയായി മാറിയേക്കാമെന്നായിരുന്നു കര്‍ണാടക മന്ത്രിയും ബിജെപി നേതാവുമായ കെ.എസ്.ഈശ്വരപ്പയുടെ പ്രസ്താവന.

