കുറ്റം ചുമത്താതെ ഒരാളെ ഒരു വര്‍ഷം വരെ തടവില്‍വെക്കാനുള്ള അധികാരം ഡല്‍ഹി പോലീസിന് നല്‍കി കേന്ദ്രസര്‍ക്കാര്‍.ഇതുസംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. ദേശ സുരക്ഷാ നിയമ പ്രകാരം ഒരു വ്യക്തിയെ അറസ്റ്റ് ചെയ്താല്‍ കേസ് ചാര്‍ജ് ചെയ്യാതെ 12 മാസം വരെ കസ്റ്റഡിയില്‍ വയ്ക്കാം . അറസ്റ്റ് ചെയ്ത വ്യക്തിയെ കസ്റ്റഡിയിലെടുത്ത വിവരം 10 ദിവസം വരെ ഉദ്യോഗസ്ഥര്‍ക്ക് അറിയിക്കാതിരിക്കാമെന്നതും നിയമത്തിന്റെ പ്രത്യേകതയാണ്. ഏപ്രില്‍ 18 വരെയാണ് പൊലീസ് കമീഷണര്‍ക്ക് പ്രത്യേക അധികാരം നല്‍കുന്നത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹിയിലും ക്യാമ്പസുകളിലും പ്രക്ഷോഭം ശക്തമാവുന്നതിനിടെയാണ് സര്‍ക്കാറിന്റെ തീരുമാനം. എന്നാല്‍ റിപ്പബ്ലിക് ദിനാഘോഷം, പാര്‍ലമെന്റ് സമ്മേളനം, ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് എന്നിവയാണ് പ്രത്യേക അധികാരം നല്‍കാനുള്ള മറ്റ് കാരണങ്ങള്‍ എന്നാണ് സൂചന.

