വാല്‍പ്പാറ: തമിഴ്‌നാട് വാല്‍പ്പാറ ഗജമുടി എസ്റ്റേറ്റില്‍ കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന തൊഴിലാളി മരിച്ചു. ചന്ദ്രന്‍ (62) ആണ് കോയമ്പത്തൂരില്‍ ചികിത്സയിലിരിക്കേ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് മരിച്ചത്. കാട്ടാന തുമ്പിക്കൈ കൊണ്ട് ചന്ദ്രനെ തട്ടുകയായിരുന്നു. കഴിഞ്ഞ 10 നായിരുന്നു ആക്രമണം. ചന്ദ്രന്‍ ഉള്‍പ്പടെ നാല് പേര്‍ക്കാണ് കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റത്.
മൂന്ന് ദിവസത്തിനിടെ സംസ്ഥാനത്ത് രണ്ട് പേരാണ് കാട്ടാന ആക്രമണത്തില്‍ മരിച്ചത്. സമീപകാലത്തായി വന്യജീവി ആക്രമണങ്ങള്‍ കേരളത്തില്‍ വര്‍ധിക്കുകയാണ്. വനംമന്ത്രി എ കെ ശശീന്ദ്രന്‍ നിയമസഭയില്‍വെച്ച കണക്കുപ്രകാരം കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ സംസ്ഥാനത്ത് വന്യജീവി ആക്രമണങ്ങളില്‍ 909 പേരാണ് കൊല്ലപ്പെട്ടത്. 7492 പേര്‍ക്ക് സാരമായി പരിക്കേറ്റു. ഇതില്‍ പിന്നീടുള്ള ജീവിതം പൂര്‍ണ്ണമായും കിടക്കയില്‍ ആയിപ്പോയവരും ഏറെയുണ്ട്.