ന്യൂഡല്‍ഹി: ‘ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് ബില്‍’ ലോക്സഭയില്‍ ഇന്ന് അവതരിപ്പിക്കും. 129-ാം ഭരണഘടനാ ഭേദഗതി ബില്‍ നിയമമന്ത്രി അര്‍ജുന്‍ രാം മേഘ് വാള്‍ അവതരിപ്പിക്കും. ബില്‍ അവതരണം പ്രമാണിച്ച് എല്ലാ എംപിമാരും സഭയില്‍ ഉണ്ടാകണമെന്ന് ബിജെപി വിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പിനായുള്ള ( ഭരണഘടനാ ഭേദഗതി) ബില്‍, കേന്ദ്രഭരണ പ്രദേശങ്ങളുടെ കാലാവധി സംബന്ധിച്ച ഭേദഗതി ബില്‍ എന്നിവയാണ് ലോക്സഭയില്‍ അവതരിപ്പിക്കുക. ബില്‍ അവതരണത്തിന് ശേഷം സമഗ്ര ചര്‍ച്ചകള്‍ക്കായി സംയുക്ത പാര്‍ലമെന്ററി സമിതിയുടെ പരിശോധനയ്ക്ക് വിടാന്‍ കേന്ദ്രമന്ത്രി ആവശ്യപ്പെടും.
ബില്‍ പരിശോധിക്കാനുള്ള സംയുക്ത പാര്‍ലമെന്ററി സമിതിയെ ലോക്സഭ സ്പീക്കറാണ് പ്രഖ്യാപിക്കുക. സമിതി അംഗങ്ങളെ സ്പീക്കര്‍ ഇന്നു തന്നെ തീരുമാനിച്ചേക്കും. ജെപിസിയിലേക്കുള്ള നോമിനികളെ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് നിര്‍ദേശിക്കാം. സഭയിലെ അംഗബലം കണക്കിലെടുത്താകും അംഗങ്ങളെ ഉള്‍പ്പെടുത്തുക.