ശശി തരൂരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ കെ.പി.സി.സി അധ്യക്ഷനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മുല്ലപ്പള്ളി രാമചന്ദ്രന്‍. അച്ചടക്കം തരൂരിനും ബാധകമാണെന്നും ഹൈക്കമാന്‍ഡ് അദ്ദേഹത്തിനെതിരെ നടപടിയെടുക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ തുറന്നടിച്ചു.
തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൊടുക്കാന്‍ തീരുമാനിച്ചപ്പോള്‍ അതിനെ പിന്തുണച്ച ആളാണ് ഈ എംപി. ഓരോരോ സന്ദര്‍ഭത്തിലും പാര്‍ട്ടിയെ പ്രതികൂട്ടിലാക്കുന്ന അവസ്ഥയാണ് അദ്ദേഹത്തിന്റെ ഭാഗത്ത്‌നിന്നുണ്ടായിട്ടുള്ളത്. അടിയന്തരമായി ഹൈക്കമാന്‍ഡ് ഇക്കാര്യത്തില്‍ ഇടപെടണം. ഇങ്ങനെ സ്വതന്ത്രനായി പോകാന്‍ അനുവദിക്കാമോ.. പാര്‍ട്ടി അച്ചടക്കം ഉയര്‍ത്തിപ്പിടിക്കാനുള്ള തത്വം അദ്ദേഹത്തിന് അറിയില്ലെങ്കില്‍ പഠിപ്പിക്കാനുള്ള ഉത്തരവാദിത്തം പാര്‍ട്ടിക്കുണ്ട്’, മുല്ലപ്പള്ളി രാമചന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.
‘ഒരു കോണ്‍ഗ്രസുകാരനാണെങ്കില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് ജയിച്ച ഒരു എംപിയാണെങ്കില്‍ അടിസ്ഥാനപരമായി തരൂര്‍ ഒരു കോണ്‍ഗ്രസുകാരനാണ്. അദ്ദേഹത്തിന് കോണ്‍ഗ്രസ് തത്വങ്ങള്‍ അറിയില്ല എന്നു പറയുന്നത് ശരിയല്ല. കൊച്ചുകുട്ടികള്‍ക്ക് പോലും സില്‍വര്‍ ലൈനിന്റെ പ്രത്യാഘാതങ്ങള്‍ എന്താണെന്ന് അറിയാം. ഉത്തരവാദിത്തപ്പെട്ട ഒരുമനുഷ്യന്‍, ഗവേഷണ ബുദ്ധിയോടെ എല്ലാകാര്യങ്ങളും വിലയിരുത്തുന്ന ഒരാള്‍ അതിനേക്കുറിച്ച് പഠിച്ചിട്ടില്ലെന്ന് പറഞ്ഞാല്‍ ജനങ്ങളെ കബളിപ്പിക്കുന്ന നിലപാടാണ്. സര്‍ക്കാരിനെ സഹായിക്കാന്‍ വേണ്ടി അദ്ദേഹം നടത്തുന്ന ഗൂഢമായ നീക്കമായിട്ടേ അതിനെ കാണാന്‍ സാധിക്കുകയുള്ളൂ മുല്ലപ്പള്ളി പറഞ്ഞു. അതേസമയം തരൂരിനെ പിന്തുണച്ച് രമേശ് ചെന്നിത്തല. എല്ലാ കാര്യത്തിലും സ്വന്തമായി കാഴ്ചപ്പാടും നിലപാടുമുള്ളയാളാണ് ശശി തരൂരെന്നും എന്നാൽ അദ്ദേഹം എപ്പോഴും പാർട്ടിയുടെ ചട്ടക്കൂടിനുള്ളിൽ നിന്നാണ് പ്രവർത്തിച്ചിട്ടുള്ളതെന്നും ചെന്നിത്തല പറഞ്ഞു. സിൽവർ ലൈനിനെതിരെയുള്ള നിവേദനത്തിൽ ശശി തരൂർ എം പി ഒപ്പിടാത്തത് പരിശോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അറിയിച്ചു. ശശി തരൂരിന്റെ ഭാഗത്തുനിന്നുണ്ടായ നീക്കങ്ങൾ വിശദമായി അന്വേഷിച്ച ശേഷം ഉചിതമായ തീരുമാനം എടുക്കുമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.