മുസ്ലിം ലീഗ് ഉറങ്ങിക്കിടക്കുന്ന സിംഹമാണെന്നും ആരെങ്കിലും തൊട്ടാൽ അത് ഉണരുമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം.മുസ്‌ലിം ലീഗിന്റെ ചരിത്രം കേരളത്തിന് അറിയാമെന്നും എഴുപതു വർഷത്തെ ചരിത്രത്തിൽ അതിന് ആരും വർഗീയത ആരോപിച്ചിട്ടില്ലെന്നും പിഎംഎ സലാം പറഞ്ഞു. വഖഫ് വിഷയത്തിൽ കോഴിക്കോട്ട് ഒത്തുകൂടിയ ജനക്കൂട്ടത്തെ കണ്ടാണ് ഇപ്പോൾ സിപിഎം ഇപ്പോൾ പ്രകോപിതമാകുന്നത് എന്നും അദ്ദേഹം ആരോപിച്ചു. ലീഗിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉന്നയിച്ച ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ലീഗ് പതിന്മടങ്ങ് ശക്തിയോടെ തിരിച്ചുവരും. സിപിഎമ്മിന് എന്തിനാണ് ഇത്രയും ബേജാറ്. കോവിഡ് പ്രോട്ടോകോൾ തെറ്റിച്ചതിന്റെ പേരിൽ പതിനായിരം പേർക്കെതിരെ കേസെടുത്തു. സിപിഎം സമ്മേളനത്തിൽ ആയിരങ്ങൾ പങ്കെടുത്തില്ലേ. അവർക്കെതിരെയും കേസെടുക്കേണ്ടേ? സിപിഎമ്മിന്റെ വാക്കും പ്രവൃത്തിയും തമ്മിൽ ഒരു ബന്ധവുമില്ല.’ – സലാം കുറ്റപ്പെടുത്തി
മുസ്‌ലിംലീഗിന്റെ മതേതര നിലപാടിന് പരക്കെ അംഗീകാരം കിട്ടിയിട്ടുണ്ട്. ലീഗ് കേരള സമൂഹത്തിന് പരിചിതമാണ്. മാർക്‌സിസ്റ്റ് പാർട്ടി ഇപ്പോൾ രാഷ്ട്രീയമായ ആരോപണം ഉന്നയിക്കുകയാണ്. മുസ്‌ലിംകളെ അപരവൽക്കരിക്കാനുള്ള ശ്രമമാണ് മാർക്‌സിസ്റ്റ് പാർട്ടി നടത്തുന്നത്. അതിന് പ്രത്യേക അജണ്ടയുണ്ട്. അത് സമൂഹം മനസ്സിലാക്കിയിട്ടുണ്ട്. അതിൽ നിന്ന് രക്ഷപ്പെടാണ് ഇപ്പോൾ സിപിഎം ആരോപണങ്ങൾ ഉന്നയിക്കുന്നത്. മുസ്‌ലിംലീഗിനെ കുറിച്ച് കേരളീയർക്കറിയാം.’ – സലാം പറഞ്ഞു.