വയനാട് കുറുക്കന്‍മൂലയിലിറങ്ങിയ കടുവയെ പിടിക്കാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വൈകിയെത്തുവെന്ന് പറഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം. കടുവക്കായി പത്തൊമ്പതാം ദിവസവും തെരച്ചിൽ തുടരവേ വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഇന്നലെ രാത്രി കടുവ ഇറങ്ങിയപ്പോള്‍ വേണ്ടരീതിയില്‍ തിരച്ചില്‍ നടത്താന്‍ ഉദ്യോഗസ്ഥര്‍ക്കും വനപാലകര്‍ക്കും സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഇന്ന് രാവിലെയാണ് നാട്ടുകാരുടെ ഭാഗത്തുനിന്ന് പ്രതിഷേധമുണ്ടായത്. പ്രതിഷേധത്തിനിടെ ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മില്‍ ഉന്തുംതള്ളും ഉണ്ടായി. രാത്രിയില്‍ തിരച്ചില്‍ നടത്തുന്നതും മയക്കുവെടി വെക്കുന്നതും അപകടകരമാണെന്നാണ് വനംവകുപ്പ് ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നത്.വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്താന്‍ വൈകിയെന്നാണ് നാട്ടുകാരുടെ ആരോപണം.രാവിലെ മുതല്‍ തിരച്ചില്‍ ഊര്‍ജിതമാക്കുകയും ചെയ്തിട്ടുണ്ട്. 180 വനംവകുപ്പ് ജീവനക്കാരും 30 പോലീസുകാരും അടങ്ങുന്ന സംഘമാണ് തിരച്ചില്‍ നടത്തുന്നത്. കാടിനകത്ത് ഇറങ്ങിയും തിരച്ചില്‍ നടത്തും. കുങ്കിയാനകളെ തോട്ടം മേഖലയില്‍ എത്തിക്കാനും തീരുമാനിച്ചിട്ടുണ്ട്.