തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല കേന്ദ്ര സര്‍ക്കാര്‍ അദാനി ഗ്രൂപ്പിന് നല്‍കിയതിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനുള്ള നീക്കത്തില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ പിന്‍മാറുന്നു. സുപ്രീം കോടതിയെ സമീപിച്ചാലും വിധി അനുകൂലമായേക്കില്ലെന്ന നിയമോപദേശത്തെ തുടര്‍ന്നാണ് നടപടി. അതേസമയം ജീവനക്കാരുടെ സംഘടനയായ എയര്‍പോര്‍ട്ട് എംപ്ലോയീസ് യൂണിയന്‍ സുപ്രീംകോടതി കോടതിയെ സമീപിക്കും.
തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. ഇതേത്തുടര്‍ന്നാണ് സുപ്രീം കോടതിയ സമീപിക്കാന്‍ അന്ന് തീരുമാനിച്ചിരുന്നത്. സംസ്ഥാന സര്‍ക്കാരിനെ മറികടന്ന് അദാനി ഗ്രൂപ്പിനെ കേന്ദ്ര സര്‍ക്കാര്‍ വഴിവിട്ടു സഹായിച്ചെന്ന സര്‍ക്കാര്‍ വാദം ഹൈക്കോടതി അംഗീകരിച്ചിരുന്നില്ല. ടെണ്ടര്‍ നടപടിയില്‍ പങ്കെടുത്ത ശേഷം ഇതിനെ ചോദ്യം ചെയ്യുന്നതിലെ യുക്തിയെയും കോടതി വിമര്‍ശിച്ചു.
സര്‍ക്കാരിന്റെ നീക്കം അറിഞ്ഞിട്ട് അപ്പീലിനെ കുറിച്ച് ആലോചിക്കാനാണ് ഇടതുമുന്നണിയുടെ നേതൃത്വത്തിലുളള വിമാനത്താവള ആക്ഷന്‍ കൗണ്‍സിലിന്റെ തീരുമാനം.
50 വര്‍ഷത്തേക്കുള്ള നടത്തിപ്പാണ് അദാനി ഗ്രൂപ്പിന് കേന്ദ്രം നല്‍കിയിരിക്കുന്നത്. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള അഹമ്മദാബാദ്, ലഖ്നൗ, മംഗലാപുരം എന്നീ വിമാനത്താവളങ്ങളും അദാനി ഗ്രൂപ്പിന് നടത്തിപ്പിന് നല്‍കിയിരുന്നു.
എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ വരുമാനം കൂട്ടാനും വിമാനത്താവളങ്ങളെ ലോകനിലവാരത്തിലേക്ക് ഉയര്‍ത്താനുമാണ് സ്വകാര്യവത്കരണം എന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്.

