കൊച്ചി: കാസർഗോട്ടെ എൻഡോസൾഫാൻ ദുരിത ബാധിതരെ അപമാനിച്ച് ഉദുമ എംഎൽഎ സിഎച്ച് കുഞ്ഞമ്പു. എൻഡോസൾഫാൻ ദുരിത ബാധിതർക്ക് കഴിയുന്ന രീതിയിൽ സർക്കാർ സഹായം നൽകി വരുന്നുണ്ട്. എന്നാൽ ചിലർക്ക് എത്ര കിട്ടിയാലും മതിയാവില്ലെന്ന കുഞ്ഞമ്പുവിന്റെ പരാമർശമാണ് വിവാദമായത്. പരാമർശം പിൻവലിച്ച് എംഎൽഎ മാപ്പ് പറയണമെന്ന ആവശ്യം ശക്തമായി.’കാസർഗോഡ് ജില്ലയിലെ എൻഡോ സൾഫാൻ ദുരിത ബാധിതർക്ക് മിക്കവാറും എല്ലാ സഹായവും സർക്കാർ ചെയ്തിട്ടുണ്ട്.
സുപ്രീംകോടതി പറഞ്ഞ 5 ലക്ഷം രൂപ ലിസ്റ്റിൽപെട്ട എല്ലാവർക്കും കൊടുത്തു കഴിഞ്ഞു. കാറ്റഗറി തിരിച്ചാണ് കൊടുത്തത്. മെഡിക്കൽ കോളേജും റീഹാബിലിറ്റേഷൻ കേന്ദ്രവും ആരംഭിച്ചത് എൻഡോ സൾഫാൻ ദുരിത ബാധിതർക്ക് വേണ്ടിയാണ്. വിവിധ ആശുപത്രികളിൽ അവർക്ക് ചികിത്സാ സഹായം നൽകുന്നുണ്ട്. പരമാവധി ചെയ്യുന്നുണ്ട്. പറ്റാവുന്നത്ര ചെയ്യുന്നുണ്ട്. അതല്ലേ കഴിയൂ. എത്രകിട്ടിയാലും മതിയാവില്ല ചിലർക്ക്. അത് വേറെ കാര്യം.’ എന്നാണ് ചാനൽ ചർച്ചയിൽ സിപിഐഎം കാസർഗോഡ് ജില്ലാ സെക്രട്ടറി കൂടിയായ സി എച്ച് കുഞ്ഞമ്പു പറഞ്ഞത്.
ആർഎസ്പിയെ നയിക്കാൻ വീണ്ടും എ എ അസീസ്; മത്സരത്തിൽ നിന്ന് പിന്മാറി ഷിബു ബേബി ജോൺ എൻഡോസൾഫാൻ ദുരിത ബാധിതരുടെ പ്രശ്‌ന പരിഹാരം ആവശ്യപ്പെട്ട് സാമൂഹിക പ്രവർത്തക ദയാബായ് സെക്രട്ടറിയേറ്റിന് മുന്നിൽ ആരംഭിച്ച നിരാഹാര സമയം തുടരുന്നതിനിടെയാണ് എംഎൽഎയുടെ പരാമർശം. കഴിഞ്ഞ ദിവസം ദയാബായിയെ കണ്ട് മന്ത്രിമാരായ വീണാ ജോർജ്ജും ആർ ബിന്ദുവും അനുനയത്തിന് ശ്രമിച്ചെങ്കിലും സമരം നിർത്തുന്ന കാര്യം ആലോചിച്ചു പറയാമെന്നായിരുന്നു ദയാബായിയുടെ നിലപാട്. ദുരിത ബാധിതർക്ക് മികച്ച ചികിത്സ, കാസർഗോട്ട് എയിംസ്, കുട്ടികൾക്കായ് പകൽ കരുതൽ കേന്ദ്രം, ദുരിത ബാധിതരെ കണ്ടെത്താൻ മെഡിക്കൽ ക്യാമ്പ് തുടങ്ങിയ ആവശ്യങ്ങളാണ് ദയാബായ് മുന്നോട്ട് വെക്കുന്നത്. ഇതിൽ 90 ശതമാനവും അംഗീകരിച്ചെന്നും രേഖാമൂലം നൽകാമെന്നും മന്ത്രിമാർ ബയാബായിയെ അറിയിക്കുകയായിരുന്നു. എന്നാൽ പ്രായോഗികമായി എന്തുനടപടിയെടുത്തുമെന്ന് അറിയിക്കണമെന്ന് ദയാബായ് ആവശ്യപ്പെട്ടു.

