തിരുവനന്തപുരം: വൈദ്യുതി കുടിശിക അടയ്ക്കാത്തതിനെ തുടർന്ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച് കെ.എസ്.ഇ.ബി. 28ന് ഇന്ത്യ- ദക്ഷിണാഫ്രിക്ക ട്വൻറി-20 ക്രിക്കറ്റ് മത്സരം നടക്കാനിരിക്കെയാണ് അപ്രതീക്ഷിത നടപടി. 2.5 കോടി രൂപ കുടിശികയുണ്ടെന്നു പറഞ്ഞാണ് സ്റ്റേഡിയത്തിലെ വൈദ്യുതിബന്ധം വിഛേദിച്ചത്.
സ്റ്റേഡിയത്തിൻറെ മേൽനോട്ട, നടത്തിപ്പ് ചുമതലയുള്ള കാര്യവട്ടം സ്പോർട്സ് ഫെസിലിറ്റി ലിമിറ്റഡാണ്(കെഎസ്എഫ്എൽ) മൂന്ന് വർഷത്തെ വൈദ്യുതി, കുടിവെള്ള കുടിശ്ശിക വരുത്തിയത്. നികുതിയിനത്തിൽ കെ എസ് എഫ് എൽ തിരുവനന്തപുരം കോർപ്പറേഷന് രണ്ട് കോടി 85 ലക്ഷം രൂപ നൽകാനുണ്ട്.
പല തവണ നോട്ടീസ് നൽകിയിട്ടും പണം അടയ്ക്കാത്തതിന് പിന്നാലെ ചൊവ്വാഴ്ചയാണ് കഴക്കൂട്ടം കെ എസ് ഇ ബി സെഷൻ ഓഫീസ് കാര്യംവട്ടം സ്റ്റേഡിയത്തിൻറെ ഫ്യൂസ് ഊരിയത്. വൈദ്യുതി ബന്ധം വിച്ഛേദിച്ചിച്ച് നാലു ദിവസമായതിനാൽ തന്നെ ഗ്രൗണ്ടിന്റെ അറ്റകുറ്റപ്പണികളും മൈതാനം നനയ്ക്കുന്നതുമായി ബന്ധപ്പെട്ട പ്രവൃത്തികളും നടക്കുന്നത് ജനറേറ്റർ സഹായത്തോടെയാണെന്ന് കെസിഎ അറിയിച്ചു.
ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിൽ കാര്യവട്ടത്ത് നടക്കാനിരിക്കുന്ന ടി-20 മത്സരത്തിനുള്ള ടിക്കറ്റുകൾ ഈ മാസം 19 മുതൽ ലഭ്യമാവും. ഓൺലൈൻ ടിക്കറ്റ് വില്പനയാണ് ഈ മാസം 19 മുതൽ ആരംഭിക്കുക. പേടിഎം ഇൻസൈഡറിൽ ടിക്കറ്റുകൾ ലഭ്യമാവും. ഈ മാസം 28നാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടി-20 പരമ്പര ആരംഭിക്കുക. പരമ്പരയിലെ ആദ്യ മത്സരം തിരുവനന്തപുരത്ത് നടക്കും. അതേസമയം, തിരുവനന്തപുരം സ്വദേശിയായ വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ ഇടം നേടിയില്ല.