ചെന്നൈ: ഓർഡർ ചെയ്ത ചിക്കൻ റൈസ് വൈകി എത്തി എന്ന് ആരോപിച്ച് കടയുടമയെയും പാചകക്കാരെയും ആക്രമിച്ച സംഭവത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടിയടക്കം 5 പേർ അറസ്റ്റിൽ. തമിഴ്നാട്ടിലാണ് സംഭവം നടന്നത്.
ഇന്നലെ രാത്രി പെരമ്പൂർ മധുരസാമി സ്ട്രീറ്റിലെ കടയിൽ എത്തിയ അഞ്ചംഗ സംഘം ചിക്കൻ റൈസ് ആവശ്യപ്പെട്ടു. കടയിൽ തിരക്കായതിനാൽ വിഭവം തയാറാക്കാനും നൽകാനും വൈകി. ഇതോടെയാണു 17 വയസ്സുകാരനടക്കമുള്ളവർ ചേർന്നു കടയിൽ ആക്രമണം അഴിച്ചുവിട്ടത്.
കടയിലെ ഉപകരണങ്ങളും കസേരയും മറ്റും തല്ലിത്തകർത്ത സംഘം പിന്നാലെ കടയുടമ കാർത്തിക്കിനെയും പാചകക്കാരെയും ആക്രമിക്കുകയായിരുന്നു. കത്തി ഉപയോഗിച്ച് പരുക്കേൽപ്പിക്കാനും ശ്രമമുണ്ടായി. 5 പേരെയും പൊലീസ് എത്തി കസ്റ്റഡിയിലെടുത്തു.