ചെന്നൈ: സാമൂഹ്യ പരിഷ്‌കർത്താവായിരുന്ന പെരിയാറിനെ ജന്മദിനത്തിൽ അദ്ദേഹത്തെ സ്മരിച്ചു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ‘മഹാനായ സാമൂഹിക പരിഷ്‌കർത്താവായ തന്തൈ പെരിയാറിന് അദ്ദേഹത്തിന്റെ ജന്മവാർഷികത്തിൽ എന്റെ സ്മരണ’ എന്ന കുറിപ്പോടെ ട്വിറ്ററിലാണ് രാഹുൽ ചിത്രം പങ്കുവെച്ചത്.’സമത്വവാദത്തിനായി ജീവിതം സമർപ്പിച്ച പെരിയാർ പുരോഗമന രാഷ്ട്രീയത്തിന്റെ ഒരു പുതിയ യുഗം സൃഷ്ടിച്ചു, അത് എന്നെപ്പോലെയുള്ള അനേകർക്ക് സ്വതന്ത്രവും നീതിപൂർവകവും തുല്യവുമായ ഒരു സമൂഹത്തിനായി പ്രവർത്തിക്കാൻ പ്രചോദനം നൽകി’, രാഹുൽ തന്റെ ഫേസ്ബുക്കിൽ കുറിച്ചു.
രാഹുൽ ഗാന്ധി 20-ാം നൂറ്റാണ്ട് കണ്ട സാമൂഹിക പരിഷ്‌കർത്താക്കളിൽ, ഇതിഹാസ തുല്യമായ പദവി വഹിച്ചയാളാണ് ഈറോഡ് വെങ്കട രാമസ്വാമി നായ്ക്കറെന്ന തന്തൈ പെരിയാർ. അന്ധവിശ്വാസങ്ങളാലും അനാചാരങ്ങളാലും നിറഞ്ഞ് അബ്രാഹ്മണരുടെ അന്ധകാരനാഴിയായി മാറിയ ഹിന്ദുത്വത്തിനെതിരായി ഉഴിഞ്ഞു വച്ചതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.രാഷ്ട്രീയമായി അദ്ദേഹത്തെ എതിർക്കുന്ന ഒരുപാട് പേരുണ്ടെങ്കിലും ആദർശപരമായി അദ്ദേഹത്തെ വിമർശിക്കാനുള്ള ധൈര്യം ആരും കാണിച്ചിരുന്നില്ല. ദ്രാവിഡ ജനതയുടെ തലതൊട്ടപ്പനായി അദ്ദേഹം അവരോധിക്കപ്പെട്ട ആ വിഖ്യാതമായ സുവർണ്ണ സിംഹാസനം അചഞ്ചലമായി തന്നെ ഓരോ തമിഴന്റെയും ഹൃദയത്തിൽ ഇന്നും തിളങ്ങി നിൽക്കുന്നുണ്ട്.