ഐ.ടി ആക്ട് നിയമങ്ങൾ ഭേദഗതി ചെയ്യാൻ സർക്കാരിനോട് ആവശ്യപ്പെടുമെന്ന് വനിത കമ്മീഷൻ അംഗം എം.എസ് താര പറഞ്ഞു. സൈബർ കേസുകളിൽ ശിക്ഷ ദുർബലമാകുമ്പോൾ കുറ്റകൃത്യങ്ങൾ ചെയ്യാനുള്ള പ്രവണത ആളുകളിൽ കൂടുകയാണ്. ഈ സാഹചര്യത്തിന് മാറ്റം വരണമെങ്കിൽ കനത്തശിക്ഷ നൽകണം. സൈബർ കുറ്റകൃത്യങ്ങൾ ദിനം പ്രതി വർധിച്ചുവരികയാണ്. ടൗൺ ഹാളിൽ നടന്ന വനിത കമ്മീഷൻ മെഗാ അദാലത്തിലെത്തിൽ സംസാരിക്കുകയായിരുന്നു എം. എസ് താര.
57 കേസുകളാണ് അദാലത്തിൽ പരിഗണിച്ചത്. ഇതിൽ 12 എണ്ണം പരിഹരിച്ചു. 3 എണ്ണം റിപ്പോർട്ടിനായി അയച്ചു. 1 കേസ് ഫുൾ ബെഞ്ച് സിറ്റിംഗിലും 41 എണ്ണം അടുത്ത അദാലത്തിലും പരിഗണിക്കും. സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചെന്ന പരാതിയുമായി കോഴിക്കോട്, മലപ്പുറം ജില്ലകളിലെ നാല് കന്യാസ്ത്രീകൾ അദാലത്തിലെത്തി. കന്യാസ്ത്രീ സമൂഹത്തെ ഒന്നടങ്കം അപമാനിച്ച രീതിയിലുള്ള പരാതിയാണ് തെളിവ് സഹിതം ഇവർ ഹാജരാക്കിയത്.
പരാതിയിൽ സൈബർ പോലീസ് കേസ് എടുത്തിട്ടുണ്ടെന്നും തുടർനടപടികൾ സ്വീകരിക്കുമെന്നും കമ്മിഷൻ അറിയിച്ചു. വിവാഹ ജീവിതത്തിലെ പൊരുത്തക്കേടുകൾ കാരണം വേർ പിരിയുന്നവരുടെ എണ്ണം കൂടുകയാണെന്ന് കമ്മിഷൻ അംഗം ഇ.എം രാധ പറഞ്ഞു. വിവാഹത്തെ ഗൗരവമായി കാണാത്തതാണ് മിക്ക കുടുംബ ബന്ധങ്ങളും തകരാൻ കാരണമാകുന്നതെന്നും ഇ. എം രാധ പറഞ്ഞു.

