പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യയില്‍ അസ്വാരസ്യങ്ങൾ തുടരുന്നു.ഡല്‍ഹിയില്‍ ഏഴ് സീറ്റുകളില്‍ മത്സരിക്കുമെന്ന കോണ്‍ഗ്രസിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഡല്‍ഹി ലോക്‌സഭാ സീറ്റുകളിലെ കോണ്‍ഗ്രസ് നയം വ്യക്തമാക്കാതെ കൂട്ടായ്മയുടെ യോഗത്തില്‍ പങ്കെടുക്കില്ലെന്നാണ് എഎപി നിലപാട്.കോണ്‍ഗ്രസ് നേതാവ് അല്‍ക്ക ലാംബയാണ് ഡല്‍ഹിയില്‍ ഏഴ് സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കുമെന്ന പ്രസ്താവന നടത്തിയത്. പിന്നാലെ തന്നെ എഎപി ഇടയുകയായിരുന്നു. ഇന്ത്യ സഖ്യത്തിന്റെ മൂന്നാം യോഗം ഈ മാസം അവസാനം മഹാരാഷ്ട്രയില്‍ നടക്കാനിരിക്കെയാണ് ഇപ്പോഴത്തെ സംഭവവികാസങ്ങൾ.
തലസ്ഥാനത്ത് ഏഴിടങ്ങളിലും കോണ്‍ഗ്രസ് മത്സരിക്കുമെന്നായിരുന്നു ഡല്‍ഹിയിലെ നേതാക്കളും എഐസിസി നേതൃത്വവുമായി നടത്തി കൂടിക്കാഴ്ചയ്ക്ക് ശേഷം ലാംബ മാധ്യമങ്ങളോട് പറഞ്ഞത്. അങ്ങനെയെങ്കിൽ ‘ഇന്ത്യ’ സഖ്യവുമായി സഹകരിക്കില്ലെന്ന് എ.എ.പി. വക്താവ് പ്രിയങ്കാ കക്കറും പറഞ്ഞതോടെ സഖ്യത്തിലെ വിള്ളൽ വെളിച്ചത്തുവന്നു. ഇതിനേത്തുടർന്നാണ് എ.ഐ.സി.സി. നേതൃത്വം വിഷയത്തിൽ ഇടപെടൽ നടത്തിയത്. സഖ്യകാര്യം യോഗത്തില്‍ സംസാരവിഷയമായില്ലെന്നും അത് ഹൈക്കമാന്‍ഡിന്റെ പണിയാണെന്നും ഡല്‍ഹിയുടെ ചുമതലയുള്ള ദീപക് ബബാരിയ പറഞ്ഞു. ലാംബ അത്തരം സുപ്രധാനകാര്യങ്ങള്‍ പറയാന്‍ അധികാരപ്പെട്ട വക്താവല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.