കേരളത്തിലെ ദേശീയപാത വികസനത്തിനുള്ള ഭൂമി ഏറ്റെടുക്കല്‍ 98 ശതമാനവും പൂര്‍ത്തിയായെന്നും 2025ഓടെ ദേശീയ പാതാ വികസനം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. ചില ജില്ലകളില്‍ ദേശീയ പാതാ വികസനത്തില്‍ പ്രശ്നങ്ങളുണ്ടെന്നും അത് പരിഹരിച്ച് മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. നിശ്ചയിച്ച തീയതിക്ക് മുമ്പ് തന്നെ പൂര്‍ത്തിയാക്കും വിധമാണ് പ്രവര്‍ത്തനങ്ങളെന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോട് ജില്ലയിലെ ദേശീയ പാതാ വികസന പ്രവര്‍ത്തനങ്ങള്‍ മന്ത്രി നേരിട്ടെത്തി പരിശോധിച്ചു.
ഒമ്പത് ജില്ലകളില്‍ അതിവേഗം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ട്. ജനങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും ഉന്നയിച്ച പ്രശ്നങ്ങളെല്ലാം പരിഹരിച്ച് കൊണ്ടായിരിക്കും ദേശീയപാതയിലെ നിര്‍മ്മാണമെന്നും മന്ത്രി ഉറപ്പ് നല്‍കി. അണ്ടര്‍ പാസ് വേണം, വഴി അടയുന്നു തുടങ്ങി പൊതുജനങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും ഉന്നയിച്ച പ്രധാന പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് ആയിരിക്കും ദേശീയ പാതയുടെ നിര്‍മാണമെന്നും മന്ത്രി ഉറപ്പ് നല്‍കി. ഇത് സംബന്ധിച്ച് വിശദമായി ചര്‍ച്ച ചെയ്യാന്‍ തിരുവനന്തപുരത്ത് യോഗം വിളിക്കാനും തീരുമാനിച്ചിട്ടുണ്ട്.
കാസര്‍ഗോഡ് ജില്ലയിലെ ദേശീയ പാത നിര്‍മാണം 2024 മെയ് 15നുള്ളില്‍ പൂര്‍ത്തീകരിക്കും. കുമ്പളയിലെ മേല്‍പ്പാലം 2022 ഡിസംബറിലും കാസര്‍ഗോഡ് മേല്‍പ്പാലം 2023 അവസാനവും തുറന്നു കൊടുക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.