അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ നിന്ന് അതിസാഹസികമായി നയതന്ത്ര പ്രതിനിധികളുള്‍പ്പെടെയുള്ള ഇന്ത്യന്‍ സംഘത്തെ ഒഴിപ്പിച്ച് ഇന്ത്യ. സദാസമയവും താലിബാന്റെ നിരീക്ഷണത്തിലായിരുന്നു കാബൂളിലെ ഇന്ത്യന്‍ എംബസി. എന്തും സംഭവിക്കാമെന്ന സാഹചര്യത്തിനിടയില്‍ നിന്നാണ് 140 പേരടങ്ങുന്ന ഇന്ത്യന്‍സംഘം സുരക്ഷിതമായി കാബൂളില്‍ നിന്ന് തിരിച്ചെത്തിയത്. വിമാനത്താവളം തുറന്നതിനു പിന്നാലെ ഇന്ന് രാവിലെ കാബൂളില്‍ നിന്ന് പുറപ്പെട്ട വിമാനം ഗുജറാത്തിലെ ജാംനഗറില്‍ ലാന്‍ഡ് ചെയ്തു. പാക് വ്യോമപാത ഒഴിവാക്കി ഇറാന് വഴിയാണ് എയര്‍ ഇന്ത്യ വിമാനം യാത്ര ചെയ്തത്.
ഇന്ത്യന്‍ എംബസിയിലെ നയതന്ത്ര ഉദ്യോഗസ്ഥരും ജീവനക്കാരും സുരക്ഷാചുമതലയുള്ള ഇന്‍ഡോ-ടിബറ്റന്‍ അതിര്‍ത്തി പോലീസിലെ 100 ഉദ്യോഗസ്ഥരും നാല് മാധ്യമപ്രവര്‍ത്തകരുമടക്കം ഇരുന്നൂറിലേറെപ്പേരാണ് അഫ്ഗാനിസ്താനില്‍ കുടുങ്ങിയിരുന്നത്. ഇവരെ തിരിച്ചെത്തിക്കാനായി ഓഗസ്ത് 15നാണ് ഇന്ത്യന്‍ വ്യോമസേനയുടെ സി-17 വിമാനം കാബൂളിലേക്ക് പുറപ്പെട്ടത്. എന്നാല്‍ രാത്രിയോടെ സ്ഥിതിഗതികള്‍ വഷളായി. താലിബാന് അഫ്ഗാന് നിയന്ത്രണം ഏറ്റെടുത്തതോടെ വ്യോമപാത അടച്ചു, ഇതോടെയാണ് ഒഴിപ്പിക്കല്‍ നടപടികള്‍ തടസപ്പെട്ടത്.
ഇന്ത്യന്‍ സംഘത്തെ കാബൂളില്‍ നിന്ന് ഒഴിപ്പിക്കാനായി പോയ ഇന്ത്യന്‍ വ്യോമസേന വിമാനം ആദ്യം വിമാനത്താവളത്തില്‍ താലിബാന് തടഞ്ഞിരുന്നു. ഇന്ത്യന്‍ സംഘത്തില്‍ ചിലരുടെ പക്കല്‍ നിന്ന് താലിബാന് സ്വകാര്യ വസ്തുക്കള്‍ തട്ടിയെടുത്തതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.ഇന്ത്യയിലേക്ക് അഭയം തേടി വരുന്ന അഫ്ഗാനികള്‍ക്ക് കാബൂളില്‍ താല്‍ക്കാലിക വിസ അനുവദിക്കുന്ന വിസ ഏജന്‍സി താലിബാന് റെയ്ഡ് ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്.
യുഎസ് ജനറല്‍ സെക്രട്ടറി ആന്റണി ബ്ലിങ്കനും ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കറും ഇന്നലെ രാത്രി നടത്തിയ ഫോണ്‍സംഭാഷണവും ഇന്ത്യക്കാരെ കാബൂളില്‍ നിന്ന് സുരക്ഷിതമായി ഒഴിപ്പിക്കുന്നതിന് സഹായകമായി.