തൃശൂര്‍: തൃശൂര്‍ – കുന്നംകുളം റൂട്ടില്‍ ഇന്ന് സ്വകാര്യ ബസ് സമരം. തകര്‍ന്ന റോഡിലെ കുണ്ടും കുഴിയും കാരണം തൃശൂര്‍ – കുന്നംകുളം റൂട്ടില്‍ ബസുകൾ ഓടിക്കാൻ കഴിയുന്നില്ലെന്നാണ് ബസുടമകളുടെയും ജീവനക്കാരുടെയും പരാതി. ഇന്ന് രാവിലെ 10ന് ചൂണ്ടല്‍ സെന്‍ട്രലില്‍ നിന്നും കൈപ്പറമ്പിലേക്ക് പദയാത്ര നടത്തുമെന്ന് ബസ് ജീവനക്കാര്‍ അറിയിച്ചു.കുന്നംകുളം റോഡില്‍ ചെറിയ കുണ്ടും കുഴിയുമല്ല ഉള്ളത്, റോഡ് കുളമായാണ് കിടക്കുന്നത് എന്ന് ജീവനക്കാര്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് ഇന്ന് സമരം നടത്തുന്നതെന്ന് ബസ് ജീവനക്കാര്‍ അറിയിച്ചു. ബസ് ഉടമകളുടെയും യാത്രക്കാരുടെയും അഭ്യര്‍ഥന മാനിച്ച് റോഡിലെ കുഴികള്‍ നികത്തിയിരുന്നെങ്കിലും അത് പ്രഹസനമായെന്ന് ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു.കുഴികള്‍ അടച്ച മണ്ണ് ശക്തമായ മഴയെ തുടര്‍ന്ന് ഒലിച്ചു പോയ നിലയിലാണ്. ഇതോടെ റോഡില്‍ അപകടകരമായ കുണ്ടും കുഴികളും രൂപപ്പെട്ടു. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ റോഡില്‍ വെള്ളം നിറഞ്ഞ് യാത്ര ദുരിതമാകുകയാണെന്നും ഇവര്‍ പറയുന്നു. കൃത്യമായി ഓടാനും സമയക്രമം പാലിക്കാനും സാധിക്കുന്നില്ല. ഇക്കാരണത്താല്‍ യാത്ര പലതും ഉപേക്ഷിക്കേണ്ടതായി വരുന്നുവെന്നും ജീവനക്കാർ വിശദീകരിച്ചു.ഈ റൂട്ടിലൂടെയുള്ള യാത്ര ജീവനക്കാരുടെ ആരോഗ്യത്തേയും ബാധിച്ചു തുടങ്ങി. ഈ സാഹചര്യത്തില്‍ ആണ് പദയാത്ര സമരം നടത്തുന്നതെന്ന് ജീവനക്കാര്‍ പറഞ്ഞു. സമരത്തിന്റെ ഭാഗമായി തൃശൂര്‍ – കുന്നംകുളം റൂട്ടിലൂടെ ഓടുന്ന ഒരു ബസും ഇന്ന് ഓടില്ലെന്നും ജീവനക്കാര്‍ അറിയിച്ചു.