വീടിന് സമീപത്ത് ലഹരി ഉപയോഗം ചോദ്യം ചെയ്ത പ്രവാസിയായ യുവാവിന് ക്രൂരമര്‍ദനം. കൊടുവള്ളി വെണ്ണക്കാട്ടില്‍ മുഹമ്മദ് ഷാഫി(29)യ്ക്കാണ് മര്‍ദനമേറ്റത്. ബുധനാഴ്ച രാത്രിയോടെയാണ് സംഭവം. പിതാവിന്റെ വീട്ടിലേക്ക് പോവുകയായിരുന്ന ഷാഫി വെണ്ണക്കാട് തൂക്കുപാലത്തിന് സമീപം ലഹരി ഉപയോഗിക്കുകയായിരുന്ന യുവാക്കളെ ലഹരി ഉപയോഗിക്കുന്നത് വിലക്കുകയും വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയുമായിരുന്നു. തുടര്‍ന്ന് അവരെ പറഞ്ഞു വിടുകയും ചെയ്തു. രാത്രി 8.30യോടെ ആരാമ്പ്രം അങ്ങാടിയിലേക്ക് മരുന്നു വാങ്ങാന്‍ പോയ ഷാഫിയെ ബൈക്കുകളില്‍ എത്തിയ ഏഴ് പേര്‍ ബൈക്കിന്റെ ചാവി കൊണ്ട് ആക്രമിക്കുകയായിരുന്നു. നെറ്റിയിലും കണ്ണിനും പരിക്കേറ്റ ഇദ്ദേഹത്തെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുന്ദമംഗലം പോലീസ് ആറ് പേര്‍ക്കെതിരെ കേസെടുത്ത് ആന്വേഷണം ആരംഭിച്ചിട്ടുണ്ട്. വെണ്ണക്കാട് തൂക്കുപാലത്തിന്റെ റോഡിന് മറുഭാഗത്തായി ലഹരി ഉപയോഗിക്കാനായി എത്തുന്നത് പതിവാണെന്ന് ഷാഫി പറയുന്നു. പാലം കാണാനായി നിരവധി പേരാണ് ദിനംപ്രതി എത്തുന്നത്. ഇവര്‍ക്കും നാട്ടുകാര്‍ക്കും സാമൂഹ്യ വിരുദ്ധരായ ഇത്തരം ആളുകള്‍ കാരണം വലിയ പ്രയാസങ്ങളാണ് സൃഷ്ടിക്കുന്നത്.

