മകന്റെ നേട്ടത്തിൽ അഭിമാനം കൊള്ളുകയാണ് നടൻ ആർ മാധവൻ. നീന്തൽ മത്സരത്തിൽ ഇന്ത്യയ്ക്കു വേണ്ടി അഞ്ച് സ്വർണ്ണ മെഡൽ സ്വന്തമാക്കിയിരിക്കുകയാണ് മകൻ വേദാന്ത് മാധവൻ. സോഷ്യൽ മീഡിയയിലൂടെ തന്റെ സന്തോഷവും പരിപാടിയിൽ നിന്നുള്ള കുറച്ചധികം ചിത്രങ്ങളും പങ്കുവച്ചിരിക്കുകയാണ് താരം.
മലേഷ്യൻ ഇൻവിറ്റേഷ്ണൽ ഏജ് ഗ്രൂപ്പ് സ്വീമ്മിങ്ങ് ചാമ്പ്യൻഷിപ്പിലാണ് വേദാന്ത് മത്സരിച്ചത്. സമ്മാനങ്ങൾക്കൊപ്പം ഇന്ത്യൻ പതാകയുമേന്തി ചിത്രങ്ങൾക്കായി പോസ് ചെയ്യുകയാണ് വേദാന്ത്. മാധവന്റെ ഭാര്യ സരിത ബിർജെയെയും ചിത്രങ്ങളിൽ കാണാം.
“ദൈവത്തിനെ അനുഗ്രഹവും നിങ്ങളുടെയെല്ലാം പ്രാർത്ഥനയും കാരണം വേദാന്തിന് ഇന്ത്യയ്ക്കു വേണ്ടി അഞ്ചു മെഡലുകൾ നേടാൻ കഴിഞ്ഞു” മാധവൻ കുറിച്ചു. അനവധി താരങ്ങളും ചിത്രത്തിനു താഴെ ആശംസകളുമായി എത്തി. നടിയും രാഷ്ട്രീയ നേതാവുമായ ഖുശ്ബു സുന്ദറും ചിത്രത്തിനു താഴെ ആശംസയറിയിച്ചിട്ടുണ്ട്. രാജ്യാന്തര നിലയിലും അന്താരാഷ്ട്ര തലത്തിലും അനവധി നേട്ടങ്ങൾ വേദാന്ത് മാധവൻ സ്വന്തമാക്കിയിട്ടുണ്ട്.