നിയമസഭാ തെരഞ്ഞെടുപ്പില്‍ കള്ളവോട്ടിനുള്ള വ്യാപകശ്രമമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 140 മണ്ഡലങ്ങളിലും ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാജവോട്ടര്‍മാരെ ചേര്‍ത്തിരിക്കുകയാണെന്ന് ചെന്നിത്തല പറഞ്ഞു.ഇതിനെതിരെ കമ്മിഷനു പരാതി നല്‍കുമെന്നും ചെന്നിത്തല പറഞ്ഞു.‘കഴക്കൂട്ടം മണ്ഡലത്തില്‍ 4506 കള്ളവോട്ടര്‍മാരെ കണ്ടെത്തി. കൊല്ലത്ത് 2534, തൃക്കരിപ്പൂരില്‍ 1436, കൊയിലാണ്ടിയില്‍ 4611, നാദാപുരത്ത് 6771, കൂത്തുപറമ്പില്‍ 3525 എന്നിങ്ങനെയാണ് വ്യാജവോട്ടര്‍മാരുടെ എണ്ണം’, ചെന്നിത്തല പറഞ്ഞു.
കാസര്‍ക്കോടെ ഉദുമ മണ്ഡലത്തിലെ വോട്ടര്‍ പട്ടികയിലെ ക്രമക്കേടു വ്യക്തമാക്കുന്ന വിവരങ്ങള്‍ ചെന്നിത്ത വാര്‍ത്താ സമ്മേളനത്തില്‍ പുറത്തുവിട്ടു. ഇവിടെ കുമാരി എന്ന സ്ത്രീ അഞ്ചു തവണ പട്ടികയില്‍ പേരു ചേര്‍ത്തിട്ടുണ്ട്. ഒരേ ഫോട്ടോയും വിലാസവും നല്‍കിയാണ് ഇവര്‍ അഞ്ചു തവണയും പേരു ചേര്‍ത്തിട്ടുള്ളത്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് ഇത്. ഭരണമുന്നണിയെ അനുകൂലിക്കുന്ന ഉദ്യോഗസ്ഥരാണ് ഇതിനു പിന്നിലെന്നു സംശയിക്കുന്നതായി ചെന്നിത്തല പറഞ്ഞു.
സംസ്ഥാനത്ത് ബിജെപിയും സിപിഎമ്മും തമ്മില്‍ വോട്ടു കച്ചവടം നടന്നതായ, ആര്‍എസ്എസ് നേതാവ് ബാലശങ്കറിന്റെ ആരോപണം നിസ്സാരമായി കാണാനാവില്ലെന്ന് ചെന്നിത്തല അഭിപ്രായപ്പെട്ടു. ഇക്കാര്യം കോണ്‍ഗ്രസ് നേതാക്കള്‍ നേരത്തെ പറഞ്ഞപ്പോള്‍ പരിഹസിക്കുകയാണ് സിപിഎം ചെയ്തത്. ബിജെപിയുമായി വോട്ടു കച്ചവടം ഉറപ്പിച്ചാണ് മുഖ്യമന്ത്രി കോണ്‍ഗ്രസ്-ബിജെപി ബന്ധമെന്ന ആക്ഷേപം ഉന്നയിച്ചതെന്ന് ചെന്നിത്തല പറഞ്ഞു.

