വ്യവസ്ഥകൾ ലംഘിച്ച് സിനിമകൾ ഒടിടിയ്ക്ക് നൽകുന്നതിനെതിരെ പ്രതിഷേധവുമായി തിയേറ്റർ ഉടമകളുടെ സംഘടന. ഈ ആഴ്ച മുതൽ പുതിയ മലയാള ചിത്രങ്ങൾ പ്രദർശിപ്പിക്കേണ്ടെന്നാണ് ഫിയോക്കിന്‍റെ തീരുമാനം. വ്യാഴാഴ്ച മുതൽ പുതിയ മലയാള സിനിമകളുടെ റിലീസ് നിര്‍ത്തിവെയ്ക്കാനാണ് തീരുമാനം. സിനിമകൾ തിയേറ്ററിൽ റിലീസ് ചെയ്ത് 42 ദിവസം കഴിഞ്ഞു മാത്രമെ ഒടിടിയ്ക്ക് നൽകാവു എന്ന വ്യവസ്ഥ പല നിർമാതാക്കളും തെറ്റിക്കുന്നു എന്നാണ് ആരോപണം. തിയേറ്ററിൽ മികച്ച കളക്ഷൻ നേടുന്ന സിനിമകൾ പോലും ചുരുങ്ങിയ ദിവസത്തിനുള്ളിൽ ഒടിടിയിൽ വരുന്നത് തിയേറ്റർ ഉടമകൾക്ക് തിരിച്ചടിയാകുന്നതായാണ് ആരോപണം.റിലീസ് സമയത്തെ നിർമാതാക്കളുടെ തിയറ്റർ വിഹിതം 60ശതമാനത്തില്‍ നിന്ന് 55 ശതമാനമായി കുറയ്ക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ബുധനാഴ്ചയ്ക്കം പരിഹാരം കണ്ടില്ലെങ്കിൽ പുതിയ മലയാള ചിത്രങ്ങൾ റിലീസ് ചെയ്യില്ലെന്ന് ഫിയോക് ഭാരവാഹികള്‍ അറിയിച്ചു. സിംഗിൾ സ്ക്രീൻ തിയേറ്ററുകളെ ഒതുക്കി മൾട്ടിപ്ലക്സുകളെ നിർമാതാക്കൾ സഹായിക്കുന്നു എന്നും ഫിയോക് ഭാരവാഹികള്‍ ആരോപിച്ചു. ഫിയോകിന്‍റെ തീരുമാനം പുതിയ ചിത്രങ്ങളുടെ റീലിസ് പ്രതിസന്ധിയിലാക്കും. നിലവില്‍ തിയറ്ററുകളിലുള്ള സിനിമകളുടെ പ്രദര്‍ശനം തുടരും. അതേസമയം, റിലീസ് നിർത്തിവെയ്ക്കും എന്ന് അറിയിച്ചിട്ടില്ല എന്ന് ഫിലിം ചേമ്പർ വ്യക്തമാക്കി. എന്നാൽ തിയേറ്ററുകളിൽ ആള് കയറുന്ന സമയത്ത് അനാവശ്യ പ്രശനങ്ങൾ ഉണ്ടാക്കി തിയേറ്റർ ഉടമകൾ നിഴലിനോട് യുദ്ധം ചെയ്യുകയാണെന്ന് നിർമാതാക്കൾ കുറ്റപ്പെടുത്തി.