കല്‍പ്പറ്റ: മുണ്ടക്കൈ- ചുമല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് നേരെയുള്ള കേന്ദ്ര അവഗണനക്കെതിരെ നവംബര്‍ 19 ന് വയനാട്ടില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് യുഡിഎഫും എല്‍ഡിഎഫും. നവംബര്‍ 19 ന് രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഉരുള്‍പൊട്ടലില്‍ നിരവധി പേര്‍ മരിക്കുകയും കോടിക്കണക്കിന് രൂപയുടെ നാശനഷ്ടം സംഭവിക്കുകയും ചെയ്തിട്ടും ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത കേന്ദ്ര നടപടിയില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.
വയനാടിന് പ്രത്യേക പാക്കേജായി 1500 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കേരളം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നിഷേധാത്മക മറുപടിയാണ് ലഭിച്ചിരിക്കുന്നത്. മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വയനാടിനായി പ്രത്യേക കേന്ദ്ര സഹായമൊന്നും കിട്ടില്ലെന്നും വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനുള്ള വ്യവസ്ഥ നിലവിലില്ലെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് കത്തില്‍ വ്യക്തമാക്കുകയായിരുന്നു.