നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണക്കോടതിക്കെതിരേ ഹൈക്കോടതിയില്‍ രൂക്ഷവിമര്‍ശനവുമായി സര്‍ക്കാരും ആക്രമിക്കപ്പെട്ട നടിയും. വിചാരണ കോടതിയില്‍ വച്ച് പല തവണ കരയേണ്ട സാഹചര്യം നേരിട്ടുവെന്നും തന്നെ മാനസികമായി പീഡിപ്പിക്കുന്നത് തടയാന്‍ കോടതി ഇടപെട്ടില്ലെന്നും നടി ഹൈക്കോടതിയെ അറിയിച്ചു. വിചാരണക്കോടതി മാറ്റണമെന്ന നടിയുടെ ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ വാദം നടക്കുമ്പോഴായിരുന്നു ആരോപണങ്ങളും പരാതികളും ഉയര്‍ന്നത്. വിചാരണക്കോടതി മാറ്റിയില്ലെങ്കില്‍ വിചാരണ സ്തംഭിക്കുന്ന സാഹചര്യമുണ്ടാകുമെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയോട് പറഞ്ഞത്. വിചാരണക്കോടതിയും പ്രോസിക്യൂഷനും ഒരു വിധത്തിലും ഒത്തുപോകാന്‍ സാധിക്കില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. അതേസമയം വാദം പൂര്‍ത്തിയായെങ്കിലും വിധി പറയുന്നത് ഹൈക്കോടതി മാറ്റിവച്ചു. കേസിന്റെ വിചാരണയ്ക്കുള്ള സ്റ്റേ വെളളിയാഴ്ച്ച വരെ നീട്ടിയിട്ടുമുണ്ട്.
പ്രതികളെ സഹായിക്കുന്ന നിലപാടാണ് തുടക്കം മുതല്‍ വിചാരണക്കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്നാണ് നടിയും സര്‍ക്കാരും ഹൈക്കോടതിയോട് പരാതിപ്പെട്ടത്. വനിത ജഡ്ജിയായിട്ടുപോലും ഇരയാക്കപ്പെട്ട നടിയുടെ അവസ്ഥ മനസിലാക്കാന്‍ സാധിച്ചില്ല. ക്രോസ് വിസ്താരത്തിനിടയില്‍ നടിയെ അപമാനിക്കും വിധത്തിലുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നെങ്കിലും അത് തടയാന്‍ കോടതി ഒരു ഇടപെടലും നടത്തിയില്ല. പ്രോസിക്യൂഷന്‍ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചിട്ടും അംഗീകരിക്കാനും കോടതി തയ്യാറാലില്ലെന്നും സര്‍ക്കാര്‍ പറഞ്ഞു.
വിചാരണക്കോടതയിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണെന്നാണ് നടി ഹൈക്കോടതിയില്‍ പറഞ്ഞത്. ഈ സാഹചര്യത്തില്‍ വിചാരണക്കോടതി മാറ്റണമെന്നാണ് നടി ആവശ്യപ്പെടുന്നത്. കേസിന്റെ വിചാരണ ഒരു വനിത ജഡ്ജിക്ക് തന്നെ നല്‍കണമെന്നില്ലെന്നും തത്തുല്യമായ മറ്റേതെങ്കിലും കോടതിയിലേക്ക് കൈമാറിയാലും മതിയാകും എന്ന് സര്‍ക്കാരും നിലപാട് അറിയിച്ചു.
അനേകം അഭിഭാഷകര്‍ കോടയില്‍ ഉള്ളപ്പോള്‍ തന്നെയായിരുന്നു പ്രതിഭാഗം ചോദിക്കാന്‍ പാടില്ലാത്ത പല ചോദ്യങ്ങളും ചോദിച്ചത്. എല്ലാവരുടെയും മുന്നില്‍ വച്ചായിരുന്നു ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ടി വന്നത്. പലവട്ടം കോടതിയില്‍ നിന്നും കരയേണ്ട സാഹചര്യമുണ്ടായി. അപ്പോഴൊന്നും കോടതി അവരെ തടഞ്ഞില്ല. ഒരുതരത്തിലും മുന്നോട്ട് പോകാന്‍ വയ്യാത്ത സാഹചര്യം ഉണ്ടായപ്പോഴാണ് കോടതി മാറ്റാന്‍ ഹര്‍ജി നല്‍കിയതെന്നാണ് നടി ഹൈക്കോടതിയില്‍ വ്യക്തമാക്കിയത്. വിചാരണക്കോടതി തെറ്റായ ഉത്തരവുകള്‍ ഇറക്കിയെങ്കില്‍ അക്കാര്യം എന്തുകൊണ്ട് ഉന്നയിച്ചില്ലെന്ന് ഹൈക്കോടതി നടിയോട് തിരക്കിയിരുന്നു. എല്ലാത്തിനും ഒബ്ജെക്ഷന്‍ ഫയല്‍ ചെയ്യേണ്ട എന്ന് കരുതിയാണ് പരാതി പറയാതിരുന്നതെന്നും അത് തെറ്റായി എന്ന് പിന്നീട് മനസിലായെന്നും നടിയുടെ അഭിഭാഷകന്‍ മറുപടി നല്‍കി.