
കെ അബൂബക്കര്‍ (മുന്‍ റസിഡന്റ് എഡിറ്റര്‍, മലയാള മനോരമ കോഴിക്കോട്.)

കോഴിക്കോടിന്റെ വാര്‍ത്താ മാധ്യമ രംഗത്തിന്റെ ചരിത്രത്തിനൊപ്പം ചേര്‍ത്തുവായിക്കേണ്ട ഒന്നുതന്നെയാണ് കാലിക്കറ്റ് പ്രസ്സ് ക്ലബ്ബിന്റെ ചരിത്രവും. പ്രസ്സ് ക്ലബ്ബ് രൂപീകരിച്ച് അമ്പതാണ്ട് പിന്നിടുമ്പോള്‍ അതിന്റെ തുടക്കകാലത്തെ ഓര്‍ത്തെടുക്കുകയാണ് മലമാള മനോരമയിലെ കോഴിക്കോട്ടെ റെസിഡന്റ് എഡിറ്റര്‍ ആയിരുന്ന കെ അബൂബക്കര്‍. പഴയ കാല പത്രപ്രവര്‍ത്തകരുടെ സംഗമസദസ്സില്‍ നിന്നും 500 ല്‍ അധികം അംഗങ്ങളുള്ള ഇന്നിന്റെ പ്രസ്സ് ക്ലബ്ബിലേക്ക് എത്തിയതിന്റെ പ്രാരംഭകഥകള്‍ അദ്ദേഹം ജനശബ്ദത്തോട് പങ്കുവെച്ചു.
1970ല്‍ ആലിക്കുഞ്ഞി, ടി രാമനുണ്ണി, ടി കെ ജി നായര്‍, സുബ്ബ്രഹ്മണ്യന്‍, കെ കെ മേനോന്‍, സി പി ശ്രീധരന്‍ തുടങ്ങി വ്യത്യസ്ത പത്രങ്ങളിലെ പ്രവര്‍ത്തകരുടെ നിതാന്ത പരിശ്രമങ്ങളുടെ ഫലമായാണ് കോഴിക്കോട് പ്രസ്സ് ക്ലബ്ബ് സാധ്യമാവുന്നത്. മാതൃഭൂമി ചീഫ് എഡിറ്റര്‍ ആയിരുന്ന കെ കെ മാധവക്കുറുപ്പിന്റെ നിയന്ത്രണത്തിലായിരുന്ന പ്രസ്സ് ക്ലബ്ബിന്റെ പ്രഥമ രൂപത്തെ കേരളത്തിലെ ആദ്യത്തെ പ്രസ്സ് ക്ലബ്ബായ എറണാകുളം പ്രസ്സ് ക്ലബ്ബ് സ്ഥാപിച്ചതില്‍ പ്രധാന പങ്കുവഹിച്ച ഐസക്ക് അറയ്ക്കലിന്റെ നേതൃത്വത്തില്‍ എല്ലാ പത്രപ്രവര്‍ത്തകര്‍ക്കും ലഭ്യമാവുന്ന തരത്തില്‍ മാറ്റിയെടുക്കുകയായിരുന്നു. 1970 ല്‍ അന്നത്തെ മുഖ്യമന്ത്രി സി അച്ച്യുതമേനോന്‍ പ്രസ്സ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തിരുന്നെങ്കിലും 71 ലാണ് ശരിക്കുള്ള പ്രസ്സ് ക്ലബ്ബ് പ്രവര്‍ത്തിച്ചു തുടങ്ങിയത്.
അക്കാലങ്ങളില്‍ ടി വരദനുണ്ണിയുടെ സൈക്കിള്‍ കേരിയറിലെ ഒരു പുസ്തകം മാത്രമായിരുന്ന തങ്ങളുടെ ഓഫീസ് എന്നും അദ്ദേഹം ഓര്‍ത്തെടുക്കുന്നു. പിന്നീട് മലപ്പുറം മൂസ, അരവിന്ദാക്ഷന്‍ മുതലായവരുടെ സ്വാധീനത്താലും മന്ത്രി ബേബി ജോണുമായിട്ടുള്ള പരിചയത്താലുമെല്ലാമാണ് നഗരത്തിന്റെ കണ്ണായ ഭാഗത്ത് ഇന്നുകാണുന്ന കെട്ടിടം ഉയര്‍ന്നത്.
ഇന്ത്യന്‍ എക്‌സ്പ്രസ്സിന്റെ പി അരവിന്ദാക്ഷന്‍ ആയിരുന്നു പ്രസ്സ് ക്ലബ്ബിന്റെ പ്രഥമ പ്രസിഡന്റ്. സെക്രട്ടറിയായി കേരളാ കൗമുദിയുടെ പി ഡി ദാമോദരനും. മലപ്പുറം മൂസ നാലു തവണ സെക്രട്ടറി സ്ഥാനത്തിരുന്നതായും അബൂബക്കര്‍ പറയുന്നു.
പിന്നീട് കെ കെ മുഹമ്മദ്, അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്, കമാല്‍ വരദൂര്‍ തുടങ്ങിയ പ്രശസ്തര്‍ കടന്നു പോയി. നിലവില്‍ മാധ്യമത്തിലെ ഫിറോസ് ഖാന്‍ പ്രസിഡന്റും മാതൃഭൂമിയുടെ രാഗേഷ് പി എസ് സെക്രട്ടറിയുമാണ്.
അച്ചുകുടം നിരത്തി അക്ഷരങ്ങളെ ക്രമീകരിച്ചിരുന്ന അക്കാലത്ത് സാമ്പത്തീക നേട്ടം കുറവായിരുന്നെന്നും പ്രതിബദ്ധതയുടെ പുറത്താണ് തങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതെന്നും അദ്ദേഹം പറയുന്നു. മാധ്യമരംഗം സ്വപ്നം കാണുന്ന യുവ തലമുറയോട് പല ജോലികളില്‍ ഒരു ജോലിയാണിതെന്നു കരുതി സമീപിക്കേണ്ട മേഖലയല്ല ഇതെന്നും ഈ മേഖലയ്ക്ക് കുറച്ച് താത്പര്യവും ആത്മസമര്‍പ്പണവും ആവശ്യമാണെന്നും അബൂബക്കര്‍ പറഞ്ഞുവെക്കുന്നു. ചിലപ്പോള്‍ സൂര്യോദയവും സൂര്യാസ്തമയവും ത്യജിക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രസ്സ് ക്ലബ്ബിന്റെ അമ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് ജനശബ്ദത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.