അനധികൃത പിന്‍വാതില്‍, കരാര്‍ നിയമനങ്ങളെക്കുറിച്ച് മുഖ്യമന്ത്രി മുൻപ് നൽകിയിരുന്ന മറുപടികൾ കളവായിരുന്നുവെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമനങ്ങളെ സംബന്ധിച്ച് ധനകാര്യവകുപ്പിൽനിന്ന് ലഭിച്ച വിവരങ്ങൾ പ്രതിപക്ഷ നേതാവ് വാർത്താ സമ്മേളനത്തിൽ പുറത്തുവിട്ടു.
2020-21 വര്‍ഷത്തില്‍ 11,674 താല്‍ക്കാലിക ജീവനക്കാരാണ് സർക്കാർ സര്‍വീസിലുള്ളതെന്നാണ് പ്രതിപക്ഷ നേതാവിന്റെ കത്തിനു മുഖ്യമന്ത്രി മറുപടി നല്‍കിയത്. എന്നാല്‍ ധനകാര്യ വകുപ്പില്‍ നിന്ന് ലഭിച്ച വിവരാവകാശരേഖ അനുസരിച്ച് 2020 ജനുവരിയില്‍ സര്‍ക്കാരില്‍ നിന്നു ശമ്പളം പറ്റിയ താല്‍ക്കാലിക, കരാര്‍, ദിവസ വേതനക്കാരുടെ എണ്ണം 1,17,267 ആണ്.
സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ ജോലി ചെയ്ത് ശമ്പളം വാങ്ങിക്കുന്ന കരാര്‍, താല്‍ക്കാലിക ദിവസവേതന ജീവനക്കാരുടെ എണ്ണം മാത്രമാണിത്. പൊതുമേഖലാ-അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സഹായം ലഭിക്കുന്ന മറ്റു സ്ഥാപനങ്ങള്‍, മുഖ്യമന്ത്രിയുടെ വകുപ്പായ ഐടി വകുപ്പിന്റെ കീഴിലുള്ള സ്ഥാപനങ്ങളായ സി ഡിറ്റ്, ടെക്‌നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക്, സ്വർണക്കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് ജോലി ചെയ്തിരുന്ന കെഎസ്ഐടിഐഎല്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ അനധികൃത കരാര്‍ പിന്‍വാതില്‍ നിയമനങ്ങളൊന്നും ഈ പട്ടികയില്‍ പെടാത്തവയാണ്.
ലക്ഷണക്കണക്കിനു അനധികൃത പിന്‍വാതില്‍ നിയമനങ്ങളാണ് കഴിഞ്ഞ നാലര വര്‍ഷമായി സംസ്ഥാനത്ത് നടന്നിരിക്കുന്നതെന്നു പ്രതിപക്ഷ നേതാവ് ആരോപിച്ചു. പ്രതിപക്ഷ നേതാവിന്റെ ചോദ്യത്തിനും തെറ്റായ ഉത്തരം നല്‍കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി വീണ്ടും പ്രതിപക്ഷനേതാവ് മുഖ്യമന്ത്രിക്കു കത്തു നല്‍കി.

