ടി.ആര്‍.പി. തട്ടിപ്പ് കേസില്‍ ചാനലുകൾക്കെതിരെ മജിസ്‌ട്രേറ്റിന് മുന്നില്‍ മൊഴി. റിപ്പബ്ലിക് ടിവി ഉൾപ്പെടെയുള്ള രണ്ട് ചാനലുകൾക്ക് എതിരെയാണ് മൊഴി നൽകിയിരിക്കുന്നത്. ചാനല്‍ കാണുന്നതിനായി നേരിട്ട് പണം നല്‍കിയെന്നാണ് നാല് പേർ മൊഴി നല്‍കിയിരിക്കുന്നത്. റേറ്റിംഗ് തട്ടിപ്പ് നടത്തിയ ചാനലുകള്‍ക്ക് എതിരെയുള്ള കേസില്‍ ഇവരെ സാക്ഷികളായി പരിഗണിക്കും.
റിപ്പബ്ലിക് ടിവി നേരിട്ട് പണം തന്നുവെന്നാണ് മൊഴി നല്‍കിയവരില്‍ മൂന്ന് പേരും മജിസ്‌ട്രേറ്റിനെ അറിയിച്ചിരിക്കുന്നത്. മൂന്ന് സാക്ഷികള്‍ റിപ്പബ്ലിക് ചാനലിനെതിരെ മൊഴി നല്‍കിയതായി കേസ് അന്വേഷിക്കുന്ന മുംബൈ പൊലീസ് കമ്മീഷണര്‍ പരംബീര്‍ സിംഗ് സ്ഥിരീകരിച്ചു. എന്നാൽ കേസന്വേഷണവുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങള്‍ പുറത്ത് വിടാന്‍ അദ്ദേഹം തയ്യാറായില്ല. അന്വേഷണം നിർണായക ഘട്ടത്തിലാണെന്നും ഇപ്പോൾ എന്തെങ്കിലും വെളിപ്പെടുത്തിയാൽ അന്വേഷണത്തെ ബാധിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.