കേരള സര്‍ക്കാറിന്റെ പ്രവാസി പുനരധിവാസ പദ്ധതിയുടെ ഭാഗമായി നോര്‍ക്കയും കോഴിക്കോട് ജില്ലാ സഹകരണ ബാങ്കും സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ആന്‍ഡ് ഡവലപ്മെന്റ് സ്റ്റഡീസും സംയുക്തമായിപ്രവാസി മിത്ര വായ്പാ യോഗ്യതാ നിര്‍ണ്ണയ ക്യാമ്പും സംരംഭകത്വ പരിശീലനവും സ്‌നേഹാഞ്ജലി ഓഡിറ്റോറിയത്തില്‍ നടത്തി. പ്രവാസികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുക, അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുക, തിരിച്ചെത്തുന്നവരുടെ പുനരധിവാസം തുടങ്ങിയവയാണ് പ്രവാസി പുനരധിവാസ പദ്ധതിയുടെ മുഖ്യലക്ഷ്യങ്ങള്‍. ഒപ്പം പ്രവാസി മലയാളികളുടെ അളവറ്റ അനുഭവസമ്പത്തും തൊഴില്‍ വൈദഗ്ദ്ധ്യവും നാടിന്റെ പുരോഗതിക്കായി ഉപയോഗിക്കുവാനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്.
ചുരുങ്ങിയത് രണ്ടു വര്‍ഷം വിദേശത്ത് ജോലി ചെയ്ത ശേഷം തിരികെ എത്തിയ പ്രവാസികള്‍ക്ക് സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ പാലിച്ച് സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുതിനാണ് നോര്‍ക്ക ഡിപ്പാര്‍ട്ട്‌മെന്റ് പ്രോജക്ട്സ് ഫോര്‍ റിട്ടേണ്‍ ഇമിഗ്രന്റ്സ് (NDPREM) എന്ന പദ്ധതി നടപ്പാക്കിയത്. പ്രസ്തുത പദ്ധതിയുമായാണ് കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക് സഹകരിക്കുന്നത്.
പരമാവധി 20 ലക്ഷം രൂപ അടങ്കല്‍ മൂലധന ചെലവു വരുന്ന പദ്ധതികള്‍ക്ക് 15% മൂലധന സബ്സിഡിയും ആദ്യ നാല് വര്‍ഷം 3% പലിശ സബ്സിഡിയും നല്‍കി ബാങ്ക് വായ്പ ലഭ്യമാക്കുന്നതാണ് ഈ പദ്ധതി. കോഴിക്കോട് കല്ലായ് റോഡ് സ്നേഹാഞ്ജലി ഓഡിറ്റോറിയത്തില്‍ നടന്ന ക്യാമ്പില്‍ അഞ്ഞൂറിലധികം പേര്‍ പങ്കെടുത്തു.
കേരളത്തിന്റെ സാമൂഹിക സാമ്പത്തിക വളര്‍ച്ചയില്‍ പ്രവാസികളുടെ സംഭാവന വിസ്മരിക്കാനാകാത്തതാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ അഡ്വ. പി.എം.നിയാസ് പറഞ്ഞു. ഉദ്ഘാടന ചടങ്ങില്‍ കെ.ഡി.സി.ബാങ്ക് അഡ്മിനിസ്ട്രേറ്ററും സഹകരണ സംഘം ജോയിന്റ് രജിസ്ട്രാറുമായ വി.കെ.രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക് ജനറല്‍ മാനേജര്‍ കെ.പി.അജയകുമാര്‍, സി.എം.ഡി അസോസിയേറ്റ് പ്രൊഫസ്സര്‍ കെ.വര്‍ഗീസ് ,നോര്‍ക്ക റൂട്സ് ജനറല്‍ മാനേജര്‍ ഡി ജഗദീശ്, കെ.ഡി.സി. ബാങ്ക് ഡി.ജി.എം എന്‍ നവനീത് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഇന്റര്‍വ്യൂ
ചാത്തമംഗലം ഗവ.ഐ.ടി.ഐയില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ ഡി സിവില്‍ (1) ഒഴിവിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കും. യോഗ്യത – ബന്ധപ്പെട്ട ട്രേഡില്‍ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിനു ശേഷം അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം/എന്‍.എ.സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം, അല്ലെങ്കില്‍ സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ സിവില്‍ എഞ്ചിനീയറിംഗ് ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം. യോഗ്യതയുളളവര്‍ അസല്‍ പ്രമാണങ്ങളുമായി ഒക്‌ടോബര്‍ 21 ന് രാവിലെ 10.30 ന് ചാത്തമംഗലം ഗവ.ഐ.ടി.ഐ യില്‍ എത്തണം.
കുടിവെള്ള കണക്ഷന്‍ വിച്ഛേദിക്കും
വെള്ളക്കരം കുടിശ്ശിക വരുത്തിയതും കേടായ വാട്ടര്‍ മീറ്റര്‍ മാറ്റി വെയ്ക്കാത്തതുമായ കുടിവെള്ള കണക്ഷനുകളിലെ കുടിശ്ശിക അടയ്ക്കാത്തപക്ഷം കണക്ഷനുകള്‍ മറ്റൊരറിയിപ്പില്ലാതെ വിച്ഛേദിക്കുമെന്ന് കേരള വാട്ടര്‍ അതോറിറ്റി പി.എച്ച്. ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.