കുന്ദമംഗലം: കുന്ദമംഗലത്തെ മാതൃക പോലീസ് സ്റ്റേഷന്‍ കെട്ടിടത്തിന്റെ പ്രവൃത്തിപുരോഗമിക്കുന്നു. എം.എല്‍.എയുടെ നിയോജകമണ്ഡലം ആസ്തി വികസന പദ്ധതിയില്‍ നിന്നും അനുവദിച്ച 130 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടം നിര്‍ക്കുന്നത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് പോലീസ് സ്റ്റേഷന്‍ കെട്ടിടത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. ലോകത്ത് തന്നെ അറിയപ്പെടുന്ന യുഎൽസിസിഎസ് എന്ന സ്ഥാപനമാണിത്.
രണ്ടു നിലകളില്‍ നിര്‍മ്മിക്കുന്ന ഈ കെട്ടിടത്തില്‍ താഴെ നിലയില്‍ വിസിറ്റേഴ്‌സ് ലോബി, എസ്.എച്ച്.ഒ കാബിന്‍. എസ്.ഐ കാബിന്‍, അഡീഷണല്‍ എസ്.ഐ കാബിന്‍, ഫയല്‍ റൂം, കമ്പ്യൂട്ടര്‍ റൂം, ടോയ്‌ലെറ്റ്, തൊണ്ടി സ്റ്റോര്‍, സ്റ്റേഷന്‍ ഓഫീസ്, ഡൈനിംഗ്, ലോക്കപ്പ്, ആംസ് ആന്റ് വെപ്പണ്‍സ് റൂം, ഹോംഗാര്‍ഡ് റെസ്റ്റ് റൂം, കോറിഡോര്‍, വരാന്ത, ഓപ്പണ്‍ കോര്‍ട്ട്യാര്‍ഡ്. പോര്‍ച്ച് എന്നിവയും ഒന്നാം നിലയില്‍ കോണ്‍ഫറന്‍സ് ഹാള്‍, രണ്ട് ജെന്‍സ് റെസ്റ്റ് റൂം, ഒരു ലേഡീസ് റെസ്റ്റ് റൂം, ഡോക്യുമെന്റ്‌സ് ആന്റ് റെക്കോര്‍ഡ് റൂം, ക്രൈം വിംഗ്, ലോക്കര്‍ റൂം, വരാന്ത. ടോയ്‌ലറ്റ് എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ കെട്ടിടത്തിന്റെ ആകെ തറ വിസ്തീര്‍ണ്ണം 598.01 ചതുരശ്ര മീറ്ററാണ്.
കുന്ദമംഗലത്ത് പെരിങ്ങളം കുറ്റിക്കാട്ടൂര്‍ റോഡില്‍ ആഭ്യന്തര വകുപ്പിന്റെ കൈവശത്തിലുള്ള ഒന്നര ഏക്കര്‍ സ്ഥലത്താണ് ആധുനിക സൗകര്യങ്ങളോടെയുള്ള കെട്ടിടം നിര്‍മ്മിക്കുന്നത്. കെട്ടിടത്തിന്റെ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കിയത് എന്‍.ഐ.ടിയിലെ ആര്‍കിടെക്ചറല്‍ വിംഗാണ്. ഏകദേശം ഡിസംബർ മാസത്തിൽ പോലീസ് സ്റ്റേഷന്റെ പ്രവർത്തി പൂർത്തീകരിക്കുമെന്നാണ് വിവരം.