ഭാരത് ജോഡോ യാത്രക്ക് സംഭാവന നൽകിയില്ലെന്ന പേരിൽ കൊല്ലത്ത് കടയിൽ കയറി ആക്രമം കാട്ടിയ മൂന്ന് കോണ്‍ഗ്രസ് നേതാക്കൾക്ക് സസ്‌പെൻഷൻ. കുന്നിക്കോട്ടെ പച്ചക്കറി വ്യാപാരിയായ അനസിന്‍റെ കടയിലാണ് അക്രമം നടന്നത്. ഭാരത് ജോഡോ യാത്രയുടെ കൊല്ലത്തെ പര്യടനവുമായി ബന്ധപ്പെട്ടാണ് പ്രദേശിക കോൺഗ്രസ് നേതാക്കൾ കഴിഞ്ഞ ദിവസം പിരുവുമായെത്തിയത്. ണ്ടായിരം രൂപയുടെ രസീത് അനസിന് എഴുതി നൽകി. പണം വാങ്ങാനെത്തിയപ്പോൾ അഞ്ഞൂറ് രൂപ മാത്രമേ നൽകാനാവൂ എന്ന് അനസ് പറഞ്ഞു. എന്നാല്‍, രണ്ടായിരം തന്നെ വേണമെന്ന് കോൺഗ്രസ് നേതാക്കൾ നിർബന്ധം പിടിക്കുകയും തർക്കം ഉണ്ടാവുകയുമായിരുന്നു.കൊല്ലത്തെ വിളക്കുടി വെസ്റ്റ് മണ്ഡലം പ്രസിഡന്‍റ് സലീം സൈനുദ്ദീൻ, ഡി സി സി അംഗം കുന്നിക്കോട് ഷാജഹാൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എച്ച്. അനീഷ് ഖാൻ എന്നിവരെയാണ് പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍റ് ചെയ്തത്,കടയിലുണ്ടായിരുന്ന ത്രാസും സാധനങ്ങളും ഇവർ അടിച്ചു തകർത്തുവെന്നാണ് കടയുടമയുടെ ആരോപണം.കോൺഗ്രസിന്റെ ശരിയായ കാഴ്ചപ്പാട് ഇതല്ല,ആരെയും ദ്രോഹിക്കുന്നതല്ല കോൺഗ്രസിന്റെ കാഴ്ചപ്പാട്. ഇത്തരം നടപടികൾ അംഗീകരിക്കാനാവില്ലെന്നും കോണ്‍ഗ്രസ് ആശയങ്ങൾക്കെതിരാണ് ഇവർ പ്രവർത്തിച്ചതെന്നും കെ സുധാകരൻ പ്രതികരിച്ചു.