ലോകായുക്ത നിയമഭേദഗതി ബില്ലിനെച്ചൊല്ലി എതിർപ്പ് ഉന്നയിച്ച് സിപിഐ മന്ത്രിസഭായോഗത്തില്‍ സിപിഐ മന്ത്രിമാരായ കെ രാജനും പി പ്രസാദുമാണ് എതിര്‍പ്പ് അറിയിച്ചത്. വിഷയം ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി.ബില്‍ ഈ രൂപത്തില്‍ അവതരിപ്പിക്കുന്നതിനോട് യോജിക്കാനാകില്ലെന്ന് മന്ത്രിമാര്‍ നിലപാട് വ്യക്തമാക്കി. രാഷ്ട്രീയ കൂടിയാലോചന നടത്തി മാത്രമേ നിയമം അവതരിപ്പിക്കാന്‍ പാടുള്ളൂ എന്നും സിപിഐ മന്ത്രിമാര്‍ പറഞ്ഞു. ഈമാസം 22 മുതല്‍ നിയമ നിര്‍മാണത്തിനായി നിയമസഭയുടെ പ്രത്യേക സമ്മേളനം ചേരുകയാണ്. ഈ പശ്ചാത്തലത്തിലാണ് ഓര്‍ഡിനന്‍സായി കൊണ്ടുവന്ന, ഗവര്‍ണറുടെ നിലപാടിനേത്തുടര്‍ന്ന് അസാധുവായ ലോകായുക്ത ബില്‍ നിയമസഭയില്‍ അവതരിപ്പിക്കുന്നതിന് മുന്നോടിയായി മന്ത്രിസഭാ യോഗത്തിന്റെ പരിഗണയ്ക്ക് കൊണ്ടുവന്നത്.
ലോകായുക്ത വിധിയില്‍ പുനഃപരിശോധനാ അധികാരം മുഖ്യമന്ത്രിക്ക് നല്‍കുന്ന വ്യവസ്ഥയെയാണ് സിപിഐ എതിര്‍ക്കുന്നത്. ഇതിന് പകരം വിദഗ്ധ കമ്മിറ്റിയെ നിയോഗിക്കണമെന്നാണ് സിപിഐ ആവശ്യപ്പെടുന്നത്.
ബിൽ ഇതേ പോലെ അവതരിപ്പിച്ച ശേഷം ചർച്ചയിൽ ഉയരുന്ന നിർദേശം ഔദ്യോഗിക ഭേദഗതിയായി കൊണ്ട് വരുന്നത് പരിഗണിക്കാം എന്നാണ് പി രാജീവ് അറിയിച്ചത്.
ലോകായുക്ത നിയമത്തിലെ വകുപ്പ് 14 അനുസരിച്ചാണ് ജനപ്രതിനിധികൾക്ക് അയോഗ്യത കൽപ്പിക്കാൻ കഴിയുന്നത് . ഈ വകുപ്പ് പ്രകാരം അധികാര സ്ഥാനത്തിരിക്കുന്ന പൊതുപ്രവർത്തകർ അഴിമതി നടത്തിയതായി വ്യക്തമായാൽ ആ സ്ഥാനത്തിരിക്കാൻ യോഗ്യരല്ലെന്ന് വിധിക്കാൻ ലോകായുക്തയ്ക്ക് അധികാരമുണ്ട്.
ആർക്കെതിരെയാണോ വിധി അയാളുടെ നിയമന അധികാരി വിധി അംഗീകരിക്കണം. ഈ ഭാഗത്താണ് സർക്കാർ മാറ്റം വരുത്തിയത്. ലോകായുക്തയുടെ വിധിയിൽ ഹിയറിങ് നടത്തി വിധി തള്ളാനോ കൊള്ളാനോ ചെയ്യാൻ സർക്കാരിന് അധികാരം നൽകുന്നതായിരുന്നു ഭേദഗതി.