രണ്ടുദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി എംപി കേരളത്തിലെത്തി.രാവിലെ എട്ടരയോടെ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ രാഹുലിനെ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ എം.കെ.രാഘവൻ എംപി തുടങ്ങിയവർ ചേര്‍ന്ന് സ്വീകരിച്ചു. ആദ്യദിനം വയനാട് ജില്ലയിലെ വിവിധ പൊതുപരിപാടികളിൽ രാഹുൽ പങ്കെടുക്കും. കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് രാഹുൽ ഗാന്ധി മാനന്തവാടിയിലേക്ക് യാത്ര തിരിച്ചു.
വിമാനത്താവളത്തിൽ കാണാനെത്തിയ ഏഴു വയസുകാരി നിവേദ്യയോട് വിശേഷങ്ങൾ ചോദിച്ചറിഞ്ഞ ശേഷമാണ് യാത്ര തിരിച്ചത്.
ഇന്ന് നാല് പരിപാടികളാണ് വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കുള്ളത്. ഉച്ചയ്ക്ക് 1.15 ന് മാനന്തവാടി ഗാന്ധി പാര്‍ക്കിലെ മഹാത്മ ഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്യും. കൂവളത്തോട്, കാട്ടുനൈക കോളനികളിലെ കുടിവെള്ള പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കും. വൈകുന്നേരം നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്യും.