ആര്‍ക്കും ഡിസിസി അധ്യക്ഷന്മാരുടെ നിയമനത്തില്‍ അതൃപ്തിയുള്ളതായി അറിയില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പട്ടിക തയ്യാറാക്കിയത് മുതിര്‍ന്ന നേതാക്കളുമായി കൂടിയാലോചിച്ച ശേഷമാണെന്നും പുനഃസംഘടനയടക്കമുള്ള കാര്യങ്ങള്‍ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച ചെയ്തെന്നും അദ്ദേഹം വ്യക്തമാക്കി. ഡിസിസി അധ്യക്ഷന്മാരുടെ നിയമനത്തില്‍ ഇനി ഹൈക്കമാന്റ് ആണ് തീരുമാനം എടുക്കേണ്ടതെന്നും വിഡി സതീശന്‍ പറഞ്ഞു.
‘കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചരിത്രത്തില്‍ തന്നെ ഇല്ലാത്ത തരത്തിലുള്ള കൂടിയാലോചനകളാണ് നടന്നിട്ടുള്ളത്. ജനപ്രതിനിധികളുമായും മുതിര്‍ന്ന നേതാക്കളുമായും കൂടിയാലോചിച്ചു. ആഗസ്റ്റ് 15 ന് മുമ്പ് പട്ടിക കൊടുക്കണമെന്നത് നേരത്തെ തീരുമാനം എടുത്തിരുന്നു. ആര്‍ക്കെങ്കിലും എതിര്‍പ്പ് ഉണ്ടെങ്കില്‍ അത് ഗൗരവത്തോടെ പരിഗണിക്കും.’ എന്നായിരുന്നു വിഡി സതീശന്റെ പ്രതികരണം.
അതേസമയം പരസ്യമായി ഡിസിസി അധ്യക്ഷപട്ടികയില്‍ അതൃപ്തി അറിയിച്ച മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍, വിഎം സുധീരന്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ പിണക്കുന്നത് തിരിച്ചടിയാകുമെന്നാണ് ഹൈക്കമാന്റ് വിലയിരുത്തല്‍. ഇതോടെ ആഭ്യന്തര പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സോണിയാ ഗാന്ധി നേരിട്ട് ഇടപെടുമെന്നാണ് സൂചന. ഡിസിസി അധ്യക്ഷ നിയമനവുമായി ബന്ധപ്പെട്ട് കെപിസിസി നേതൃത്വവുമായി സഹകരിക്കേണ്ടെന്ന ഗ്രൂപ്പുകളുടെ പ്രഖ്യാപനമാണ് ഹൈക്കമാന്റിനെ ആശങ്കപ്പെടുത്തുന്നത്.
കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഡിസിസി അധ്യക്ഷന്മാരുടെ സാധ്യതാപട്ടിക ഹൈക്കമാന്‍ഡിന് കൈമാറിയതിന് പിന്നാലെ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ പ്രതിഷേധം അറിയിച്ചിരുന്നു. വിഎം സുധീരന്‍, കെ മുരളീധരന്‍ എന്നിവരുടെ പ്രതികരണങ്ങളും ഹൈക്കമാന്റ് ഗൗരവത്തോടെയാണ് കാണുന്നത്. അതേസമയം കൂടിയാലോചനകള്‍ ഇല്ലാതെ സുധാകരന്‍ ഏകപക്ഷീയമായി സമര്‍പ്പിച്ച പട്ടിക പ്രഖ്യാപിച്ചാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന മുന്നറിയിപ്പും മുതിര്‍ന്ന നേതാക്കള്‍ ഹൈക്കമാന്‍ഡിന് നല്‍കിയിട്ടുണ്ട്.